റിയാദ്: ഒമ്പത് ദിവസത്തെ വിദേശസന്ദര്‍ശനത്തിനായി പുറപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയുടേ തലസ്ഥാനമായ റിയാദിലെത്തി. രാവിലെ ഒമ്പത് നാല്പത്തി അഞ്ചോടെ റിയാദിലെ കിംങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ ഡൊണാള്‍ഡ് ട്രംപിനെയും ഭാര്യ മെലാനിയെയും സല്മാന് രാജാവും റിയാദ് ഗവര്‍ണ്ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദറും ചേര്‍ന്ന് സ്വീകരിച്ചു.
ഊഷ്മള വരവേല്‍പ്പാണ് ട്രംപിന് റിയാദില്‍ ലഭിച്ചത്. തുടര്‍ന്ന് റോയല്‍ കോര്‍ട്ട് ആസ്ഥാനത്ത് ഔദ്യോഗിക സ്വീകരണ ചടങ്ങുകള്‍ നടന്നു. ഉച്ച വിരുന്നിന് ശേഷമാണ് ഉഭയ കക്ഷി ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി ആയുധ, വാണിജ്യ കരാറുകള്‍ ഒപ്പുവയ്ക്കും.
സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദ ബന്ധം ഊട്ടിയുറപ്പിക്കുന്ന കരാറുകളാണ് ഒപ്പുവയ്ക്കുകയെന്ന് സൗദി വിദേശ കാര്യ മന്ത്രി ആദില്‍ ജുബൈര്‍ പ്രതികരിച്ചു. സൗദി കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫും രണ്ടാം കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ട്രംപുമായി പ്രത്യേകം ചര്‍ച്ച നടത്തും. നാഷണല്‍ മ്യൂസിയത്തില്‍ സൗദി രാജകുടുംബാഗങ്ങള്‍ ട്രംപിന് അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്.
അറബ് ഇസ്ലാമിക ലോകത്തെ അഭിസംബോധന ചെയ്തുള്ള ട്രംപിന്റെ പ്രസംഗം നാളെയാണ്. കിംങ് അബ്ദുല്‍ അസീസ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന അറബ് ഇസ്ലാമിക അമേരിക്ക ഉച്ചകോടിയില്‍ അമ്പതിലധികം രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും.മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നിര്‍ദേശങ്ങളാവും ട്രംപ് മുന്നോട്ട് വെക്കുകയെന്നാണ് വിലയിരുത്തല്‍. ആറ് ഗള്‍ഫ് രാജ്യങ്ങളുടെ ഭരണാധികാരികളുമായി ട്രംപ് പ്രത്യേക കൂടിക്കാഴ്ചയും നടത്തും.
അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷമുള്ള ആദ്യ വിദേശ പര്യടനമാണ് ട്രംപിന്റെത്. സൗദി സന്ദര്‍ശനത്തോടെയാണ് ട്രംപിന്റെ പര്യടനം ആരംഭിക്കുന്നത്. ഇസ്രയേല്‍, വത്തിക്കാന്‍, ബെല്‍ജിയം, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഒമ്പതു ദിവസം നീളുന്ന വിദേശപര്യടനത്തില് ട്രംപ് സന്ദര്‍ശിക്കുന്നത്.
ജറുസലേമില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ട്രംപ്, ബെത് ലേഹെമില്‍ വെച്ച് പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും കൂടിക്കാഴ്ച നടത്തും.
പാലസ്തീന് പ്രശ്നമടക്കം ചര്‍ച്ചയാകുമെന്നാണ് സൂചന. പാലസ്തീന്റെ സ്വയം നിര്‍ണയാവകാശത്തിന് ട്രംപ് പിന്തുണ നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനുശേഷം വത്തിക്കാനിലെത്തുന്ന ട്രംപ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായും കൂടിക്കാഴ്ച നടത്തും.
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ അടക്കമുള്ളവയെ മാര്‍പാപ്പ നിശിതമായി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ട്രംപ്, പോപ്പ് കൂടിക്കാഴ്ചയെ ലോകരാജ്യങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
വത്തിക്കാന്‍ പിന്നാലെ ബ്രസ്സല്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയിലും, സിസിലിയില്‍ നടക്കുന്ന ജി 7 ഗ്രൂപ്പ് സമ്മേളനത്തിലും ഡൊണാള്‍ഡ് ട്രംപ് സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: