ന്യൂദല്‍ഹി: വിവിധ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട രാഷ്‌ട്രീയ പാര്‍ട്ടികള്‍ വോട്ടിംഗ് യന്ത്രത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വോട്ടിംഗ് യന്ത്ര പരിശോധനാ തീയതി ഇന്ന് പ്രഖ്യാപിക്കും.
രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും യന്ത്രങ്ങള്‍ പരിശോധിക്കാനാണ് കമ്മീഷന്‍ അനുമതി നല്‍കുന്നത്. മാധ്യമങ്ങള്‍ക്ക് വോട്ടിംഗ് യന്ത്രത്തില്‍ പരിശോധനകള്‍ നടത്താനുള്ള അനുമതിയും ഇന്നുണ്ടാകും. വിജ്ഞാന്‍ ഭവനില്‍ ഒരുമണി മുതല്‍ മൂന്നു മണി വരെയാണ് മാധ്യമങ്ങള്‍ക്ക് യന്ത്രം പരിശോധിക്കാനുള്ള അനുമതി.
വോട്ടിംഗ് യന്ത്രത്തിനെതിരെ ആരോപണം ഉന്നയിച്ച രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമത്വം നടത്താനാവുമോ എന്ന് നേരിട്ട് പരിശോധിക്കാനാണ് അവസരം നല്‍കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ച അതേ യന്ത്രങ്ങള്‍ തന്നെയാണ് പരിശോധിക്കാന്‍ അനുമതി നല്‍കുന്നത്.
കഴിഞ്ഞയാഴ്ച 42 രാഷ്‌ട്രീയ പാര്‍ട്ടികളെ വിളിച്ചു ചേര്‍ത്ത് നടത്തിയ യോഗത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതനുസരിച്ചാണ് വോട്ടിംഗ് യന്ത്രം പരിശോധിക്കാന്‍ അനുമതി നല്‍കുന്നത്. ആംആദ്മി പാര്‍ട്ടിയും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും ബിഎസ്പിയുമാണ് പ്രധാനമായും വോട്ടിംഗ് യന്ത്രത്തിനെതിരെ രംഗത്തുള്ളത്. എന്നാല്‍ ഏറ്റവും അവസാനം നടന്ന ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂലിന് വലിയ വിജയം നേടാനായത് ഭരണപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു.
















