ന്യൂദല്‍ഹി: ഏറെ കോളിളക്കം സൃഷ്ടിച്ച ബോഫേഴ്സ് ആയുധ ഇടപാടിന് ശേഷം ഇന്ത്യ രണ്ട് പുതിയ പീരങ്കികൾ വാങ്ങുന്നു. അമേരിക്കയില്‍ നിന്നും ഈ ആഴ്ച അവസാനത്തോടെ തന്നെ രണ്ട് 145 എം 777 ഹവിറ്റ്സർ പീരങ്കികള്‍ സേനയുടെ ഭാഗമാവുമെന്ന് അധികൃതര്‍ അറിയിച്ചു.
ബോഫേഴ്സ് ആയുധ ഇടപാട് കഴിഞ്ഞ് മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് പുറത്ത് നിന്നും ഇന്ത്യ പീരങ്കികള്‍ വാങ്ങുന്നത്. മലനിരകളിൽ സൈന്യത്തിന് കരുത്തേകുന്നതാണ് ഹവിറ്റ്സർ പീരങ്കികൾ. മുപ്പത് കിലോമീറ്റര്‍ ദൂരത്തോളം വെടിയുതിര്‍ക്കാന്‍ കഴിവുള്ളതാണ് പുതിയ 145എം777 പീരങ്കികള്‍. ചൈനയോട് അതിർത്തി പങ്കിടുന്ന കിഴക്കൻ മലനിരകളിൽ ഈ പീരങ്കികളുടെ ആവശ്യകത ഏറെ വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം.
വിദേശ ആയുധ വ്യാപാര കരാര്‍ പ്രകാരം കഴിഞ്ഞ നവംബര്‍ അവസാനമാണ് ഇന്ത്യ അമേരിക്കയുമായി പുതിയ പീരങ്കികള്‍ക്കായുള്ള കാരാറില്‍ ഒപ്പുവെച്ചത്. കരാറിന് നവംബര്‍ 17 ന് കേന്ദ്രപ്രതിരോധ മന്ത്രാലയം അംഗീകരവും നല്‍കിയിരുന്നു.
















