കൊച്ചി: ഉഴുന്നുവടയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ എറണാകുളം വൈറ്റിലയില്‍ ഹോട്ടലുടമ കുത്തേറ്റു മരിച്ചു. ഷിബി ഹോട്ടലുടമ വൈറ്റില ജൂനിയര്‍ ജനത റോഡില്‍ മംഗലപ്പിള്ളി വീട്ടില്‍ പി.ജെ. ജോണ്‍സണാ (48)ണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. തമിഴ്‌നാടു സ്വദേശി രതീഷാണ് ജോണ്‍സണിനെ കുത്തിയതെന്ന് മരട് പോലീസ് പറഞ്ഞു. ഇയാള്‍ ഓടി രക്ഷപ്പെട്ടു.
ഉഴുന്നുവട പഴകിയതാണെന്നും പുളിപ്പാണെന്നും പറഞ്ഞ് ജോണ്‍സണുമായി രതീഷ് തര്‍ക്കിച്ചു. ഇതിനു ശേഷം ഇയാള്‍ ഹോട്ടലില്‍ നിന്നിറങ്ങി തൊട്ടടുത്ത ബാറിലേക്കു പോയി. അവിടെ നിന്നിറങ്ങുമ്പോള്‍ അതുവഴി ജോണ്‍സണ്‍ പോകുന്നത് കണ്ടു. മദ്യലഹരിയിലായിരുന്ന രതീഷ് ജോണ്‍സണെ കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ജോണ്‍സണെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമിക്കായി പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
















