തിരുവനന്തപുരം: അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രില്‍ ഒന്നു മുതല്‍ അദ്ദേഹം ഒരു മാസത്തെ അവധിയിലാണ്. പിന്നീട് അവധി ഒരു മാസത്തേക്ക് കൂടി നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു.
സ്വകാര്യ ആവശ്യങ്ങള്‍ക്കായി അവധിയില്‍ പോകുന്നെന്നായിരുന്നു ജേക്കബ് തോമസ് കത്തില്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍, ഹൈക്കോടതിയില്‍ നിന്ന് വിജിലന്‍സിനു നേരെ തുടര്‍ച്ചയായി വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച പ്രകാരം ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചുവെന്നാണ് പുറത്തുവന്ന വിവരം. ഒരുവിഭാഗം സിപിഎം നേതാക്കളും ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരും ജേക്കബ് തോമസിനെ മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്നും വാര്‍ത്ത വന്നിരുന്നു.
ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ച ശേഷമാണ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ലോക്‌നാഥ് ബെഹ്‌റയെ മാറ്റി ടി.പി. സെന്‍കുമാറിനെ പോലീസ് മേധാവിയാക്കേണ്ടിവന്നത്. തുടര്‍ന്ന് ബെഹ്‌റയെ താത്കാലികമായി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിയോഗിച്ചു. ജേക്കബ് തോമസ് മടങ്ങിവരുന്നതോടെ ബെഹ്‌റയെ എവിടെയിരുത്തുമെന്ന ആശയക്കുഴപ്പത്തിലാണ് സര്‍ക്കാര്‍.
















