ന്യൂദല്‍ഹി: ഖുറാന്‍ അനുശാസിക്കാത്ത ആചാരമാണ് മുത്തലാഖ് എന്ന് സുപ്രീംകോടതി. അപ്രതീക്ഷിതമായി മുത്തലാഖ് നടപ്പാക്കുമ്പോള്‍ അതു നിഷേധിക്കാനുള്ള പ്രത്യേക അവകാശം സ്ത്രീകള്‍ക്ക് നല്‍കേണ്ടതാണെന്നും കോടതി പറഞ്ഞു.
നിര്‍ദ്ദേശം പരിഗണിക്കുമെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് കോടതിയെ അറിയിച്ചു. മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാ ബെഞ്ചിനു മുന്നില്‍ തുടരുന്ന വാദം ഇന്നലെ അഞ്ചാം ദിവസമായിരുന്നു. വാദം ഇന്നു പൂര്‍ത്തിയാവും. ഒറ്റയടിക്കുള്ള മുത്തലാഖ് പാപമാണെന്നും അതു ചെയ്യുന്നവരെ ബഹിഷ്‌ക്കരിക്കണമെന്നും പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് കോടതിയെ ധരിപ്പിച്ചു. മുത്തലാഖിനെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കരുതെന്ന ലക്ഷ്യത്തിലായിരുന്നു ബോര്‍ഡിന്റെ വാദങ്ങള്‍.
നിലവിലെ മുത്തലാഖ് രീതിയോട് യോജിപ്പില്ലെന്ന് ബോര്‍ഡിന്റെ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ വാദിച്ചു. വിവാഹമോചനത്തിന് മുത്തലാഖ് ഉപയോഗിച്ചവരെ ബഹിഷ്‌ക്കരിക്കണമെന്ന ബോര്‍ഡിന്റെ ഏപ്രില്‍ 14ലെ പ്രമേയം കപില്‍ സിബല്‍ സമര്‍പ്പിച്ചു.
മതപരമായ കാര്യങ്ങളില്‍ ഇടപെടാതെ തന്നെ സ്ത്രീകള്‍ക്കെതിരായ വിവാഹമോചന വിഷയത്തില്‍ നിലവിലെ നിയമങ്ങളിലൂടെ തന്നെ കേന്ദ്രസര്‍ക്കാരിന് ഇടപെടാനാവുമെന്ന് ജമാ അത്തെ ഇസ്ലാമി കോടതിയില്‍ വാദിച്ചു.
വിഷയത്തെ ഭൂരിപക്ഷ-ന്യൂനപക്ഷ വിഷയമായി ചിത്രീകരിക്കുന്നതിനോട് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി വിയോജിച്ചു. മുസ്ലിം സമുദായത്തിലെ ശക്തരായ പുരുഷന്മാരും ദുര്‍ബലരായ സ്ത്രീകളും തമ്മിലുള്ള പോരാട്ടമാണിത്. ഹിന്ദു സമൂഹത്തിലെ സതി, ദേവദാസി, തൊട്ടുകൂടായ്‌മ തുടങ്ങിയ അനാചാരങ്ങള്‍ നിയമങ്ങളിലൂടെ ഇല്ലതാക്കിയവയാണെന്നും എജി വാദിച്ചു.
ഒറ്റയടിക്കുള്ള മുത്തലാഖ് പറ്റില്ലെന്ന് തീരുമാനിക്കാന്‍ വിവാഹ സമയത്ത് തന്നെ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് അവകാശം നല്‍കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹ കരാറില്‍ അത് ഉള്‍പ്പെടുത്തേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇത് പരിഗണിക്കാമെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡും അറിയിച്ചു.
















