കൊച്ചി: സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെ പരിപാടിയില്‍നിന്ന് ഒഴിവാക്കാന്‍ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം മാറ്റിവച്ചു. സെന്‍കുമാര്‍ വിരമിച്ചശേഷം സമ്മേളനം നടത്താനാണ് ഇടത് അനുകൂല സംഘടനയുടെ തീരുമാനം. ജൂണ്‍ 8, 9, 10 തീയതികളില്‍ കോഴിക്കോട് സമ്മേളനം നടത്താനായിരുന്നു നിശ്ചയിച്ചത്. ജൂലൈ 12 ലേക്കാണ് മാറ്റിയത്.ജൂണ്‍ 30 നാണ് സെന്‍കുമാര്‍ വിരമിക്കുന്നത്.
സമ്മേളനത്തീയതി മാര്‍ച്ചില്‍ തീരുമാനിക്കുമ്പോള്‍ ലോക്‌നാഥ് ബെഹ്‌റയായിരുന്നു പോലീസ് മേധാവി. സര്‍ക്കാരുമായി ഏറ്റുമുട്ടിയ സെന്‍കുമാറിനെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അതൃപ്തിയാണ് സമ്മേളനം മാറ്റിവച്ചതിന് പിന്നില്‍. ഓഫീസേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രിയും പോലീസ് മേധാവിയും പങ്കെടുക്കുന്നത് പതിവാണ്.
ജൂണില്‍ സമ്മേളനം നടക്കുമെന്ന് കാണിച്ച് പല ജില്ലകളിലും പോസ്റ്ററുകളും നോട്ടീസും ഇറങ്ങിയിരുന്നു. ജില്ലാ സമ്മേളനങ്ങള്‍ പകുതിയോളം പൂര്‍ത്തിയായി. ജില്ലാ സമ്മേളനത്തിന്റെ നോട്ടീസിലും സംസ്ഥാന സമ്മേളനം ജൂണ്‍ 8 ന് തുടങ്ങുമെന്ന് കാണിച്ചിരുന്നു. സമ്മേളനം മാറ്റിവച്ചതിനെച്ചൊല്ലി ജില്ലാ സമ്മേളനങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
















