ന്യൂദല്‍ഹി: നഷ്ടത്തിലുള്ള കേന്ദ്രപൊതുമേഖലാ സ്ഥാപനമായ എച്ച്ഒസിഎല്ലിന് 1008.67 കോടി രൂപയുടെ ധനസഹായം അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. മഹാരാഷ്‌ട്രയിലെ രസായനില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റ് പൂര്‍ണ്ണമായും നിര്‍ത്തലാക്കിക്കൊണ്ടുള്ള തീരുമാനം കൊച്ചി യൂണിറ്റിന് വലിയ നേട്ടമാകും.
രസായനിലെ എച്ച്ഒസിഎല്ലിന്റെ കൈവശമുള്ള 442 ഏക്കര്‍ സ്ഥലം ഭാരത് പെട്രോളിയത്തിന് 618.80 കോടി രൂപയ്‌ക്ക് വില്‍ക്കും. 365.26 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ബ്രിഡ്ജ് വായ്‌പയായും എച്ച്ഒസിഎല്ലിന് നല്‍കും. ആകെ 1008.67 കോടി രൂപയാണ് എച്ച്ഒസിഎല്ലിന് ലഭിക്കുക. ബാധ്യതകളും മറ്റും തീര്‍ത്ത ശേഷമുള്ള തുക കൊച്ചി യൂണിറ്റിന് ലഭിക്കും. 2015 ഫെബ്രുവരി മുതലുള്ള മുഴുവന്‍ ജീവനക്കാരുടേയും മുടങ്ങിക്കിടക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉടന്‍ ലഭ്യമാക്കും.
രസായനി യൂണിറ്റിലെ ഡി നൈട്രജന്‍ ടെട്രോക്‌സൈഡ് പ്ലാന്റ് നിലനിര്‍ത്തി മറ്റെല്ലാ പ്ലാന്റുകളും പൂട്ടും. നിലനിര്‍ത്തുന്ന പ്ലാന്റ് ഐഎസ്ആര്‍ഒയ്‌ക്ക് കൈമാറും. പ്ലാന്റിന്റെ 20 ഏക്കര്‍ ഭൂമിയും ജീവനക്കാരെയും ഐഎസ്ആര്‍ഒ ഏറ്റെടുക്കും. രസായനി യൂണിറ്റിലെ വലിയ നഷ്ടമാണ് കൊച്ചി യൂണിറ്റിനെയും പ്രതിസന്ധിയിലാക്കിയത്. കൊച്ചി യൂണിറ്റ് തനിയെ നോക്കിയാല്‍ വലിയ ലാഭത്തില്‍ പ്രവര്‍ത്തിച്ചത്.
















