പൊന്‍കുന്നം: മലയാളിയുടെ അടുക്കളയില്‍ എന്തിനും ഏതിനും ഉപയോഗിക്കുന്ന ചെറിയ ഉള്ളിക്ക് പൊള്ളുന്ന വില. ഇരുപത് രൂപയില്‍ കിടന്ന ഉള്ളി വിലയാണ് ഇപ്പോള്‍ നൂറിലെത്തി നില്‍ക്കുന്നത്. തൊണ്ണൂറ്റി രണ്ടു രൂപയാണ് ഉള്ളിയുടെ മൊത്ത വില.
സവാള വില കുത്തനെ ഉയര്‍ന്നപ്പോള്‍ പോലും ചുവന്നുള്ളിയുടെ വിലയില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിരുന്നില്ല. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഉള്ളിയുടെ ലഭ്യത കുറഞ്ഞതാണ് വില കുതിച്ചുയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. അവിടുത്തെ കടുത്ത വരള്‍ച്ചയാണ് ഉല്പാദനം കുറയാന്‍ കാരണം. മുന്‍പ് ചെറുകിട കച്ചവടക്കാര്‍ ചാക്ക് കണക്കിന് ഉള്ളിയാണ് കച്ചവടത്തിനായി എത്തിച്ചിരുന്നത്. എന്നാല്‍ വില ഉയര്‍ന്നതോടെ ഇത് അന്‍പത് കിലോ വരുന്ന ഒരു ചാക്ക് മാത്രമാക്കി കുറച്ചു. വില വര്‍ധിച്ചതിനെ തുടര്‍ന്ന് കച്ചവടം കുറഞ്ഞതാണ് ഇതിന് കാരണം.
തമിഴ്‌നാട്ടിലെ ഒട്ടന്‍ചത്രത്തുനിന്നും പൊള്ളാച്ചിയില്‍ നിന്നുമാണ് പ്രധാനമായും കേരളത്തിലെ വിവിധ മാര്‍ക്കറ്റുകളിലേക്ക് ചെറിയ ഉള്ളി ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ എത്തുന്നത്. പക്ഷേ സെഞ്ചുറി തികച്ച് ഉള്ളി വില കുതിക്കുമ്പോള്‍ ചുവന്നുള്ളിയെ കറിക്കൂട്ടുകളില്‍ നിന്ന് ഒഴിവാക്കേണ്ട അവസ്ഥയാണ് .
ചുവന്നുള്ളിയ്‌ക്കൊപ്പം ബീന്‍സ്, ക്യാരറ്റ് എന്നിവയുടെ വിലയും ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്.അറുപത്തഞ്ച് രൂപ മൊത്തവിലയുള്ള ബീന്‍സിനും ക്യാരറ്റിനും ചില്ലറ വില എണ്‍പത് രൂപയാണ്.
















