ചണ്ഡീഗഡ്: പ്രായം എണ്‍പത്തിരണ്ട്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫസ്റ്റ് ഡിവിഷനില്‍ പാസായി, പരീക്ഷയെഴുതിയതോ ജയിലില്‍…അച്ഛന്റെ ഈ നേട്ടത്തെക്കുറിച്ച് അറിയിക്കുന്ന ഇളയ മകന് സന്തോഷം അടക്കാനാവുന്നില്ല. ഇദ്ദേഹത്തിന്റെ മൂത്തമകനും തിഹാര്‍ സെന്‍ട്രല്‍ ജയിലിലാണെന്നതാണ് മറ്റൊരു വിശേഷം…
സസ്‌പെന്‍സ് ഇനിയും നീട്ടുന്നില്ല. ഹരിയാന മുന്‍മുഖ്യമന്ത്രി ഓം പ്രകാശ് ചൗത്താലയാണ് എണ്‍പത്തിരണ്ടാം വയസില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായത്. പ്രൈമറി സ്‌കൂള്‍ അധ്യാപക നിയമനത്തിലെ അഴിമതിക്കേസില്‍ ശിക്ഷ കിട്ടി ചൗത്താല ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. ജയില്‍ ജീവിതം അര്‍ഥവത്താക്കാന്‍ തീരുമാനിച്ചപ്പോഴാണ് അച്ഛന്‍ ഈ നേട്ടം കൈവരിച്ചതെന്നു പറയുന്നു ഇളയ മകനും എംഎല്‍എയുമായ അഭയ് ചൗത്താല.
നാഷണല്‍ ലോക്ദള്‍ നേതാവു കൂടിയായ ചൗത്താല മുഖ്യമന്ത്രിയായിക്കെ 2000ത്തിലായിരുന്നു അധ്യാപക നിയമനത്തിലെ അഴിമതി. 2013ല്‍ വിചാരണക്കോടതി ചൗത്താലയെ ശിക്ഷിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം സുപ്രീം കോടതി ശിക്ഷ ശരിവെച്ചു. മുത്തമകന്‍ അജയ് ചൗത്താലയും ഈ കേസില്‍ ജയിലിലാണ്.
ഒരു മാസം മുമ്പ് പേരക്കുട്ടി ദുഷ്യന്ത് ചൗത്താലയുടെ വിവാഹത്തിന് പരോള്‍ കിട്ടിയ ചൗത്താല പെട്ടെന്നു തന്നെ ജയിലിലേക്കു മടങ്ങി. നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഒഫ് ഓപ്പണ്‍ സ്‌കൂളിങ് നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതാനായിരുന്നു ഇത്. ജയിലില്‍ പ്രത്യേക പരീക്ഷാ സെന്റര്‍ ഒരുക്കിയിരുന്നു.
അച്ഛന്‍, മുന്‍ ഉപപ്രധാനമന്ത്രി ദേവിലാല്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത് ജയലില്‍ കഴിയുമ്പോള്‍ സ്‌കൂള്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു ഓം പ്രകാശ് ചൗത്താലയ്‌ക്ക്. പിന്നീട് കുടുംബത്തിന്റെ ഉത്തരവാദിത്തമായി, അതു കഴിഞ്ഞ് രാഷ്‌ട്രീയ തിരക്കായി. പഠിക്കാനും പരീക്ഷയെഴുതാനുമൊന്നും ഒട്ടും സമയം കിട്ടിയില്ല.
ഇപ്പോള്‍ ജയിലില്‍ കൂടുതല്‍ സമയവും ചൗത്താല ലൈബ്രറിയിലാണ്. മോശം പറയരുതല്ലോ, ഫലം വന്നപ്പോള്‍ ഓപ്പണ്‍ സ്‌കൂളിങ് പന്ത്രണ്ടാം ക്ലാസ് പരീഷ മികച്ച മാര്‍ക്കോടെയാണ് പാസായത്. അച്ഛന്‍ ഒന്നാമത്തെത്തി എന്നു പറയുമ്പോള്‍ അഭയ് ചൗത്താലയ്‌ക്ക് അഭിമാനം.
















