കോട്ടയം: നടനവിസ്മയങ്ങളായ മോഹന്‍ലാലും മഞ്ജു വാര്യരും അക്ഷര നഗരിയില്‍ ആദ്യമായി ഒന്നിച്ചെത്തുന്നു. ജന്മഭൂമി ചലച്ചിത്ര പുരസ്‌കാര ചടങ്ങിന്റെ ഏറ്റവും വലിയ ആകര്‍ഷണവും ഈ സംഗമമാണ്. മികച്ച നടനുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ മോഹന്‍ലാലും മികച്ചനടിക്കുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ മഞ്ജുവുമെത്തും.
ആറാം തമ്പുരാന്‍, കന്മദം, സമ്മര്‍ ഇന്‍ ബെത്‌ലഹേം, എന്നും എപ്പോഴും എന്നീ ചിത്രങ്ങളില്‍ ഒന്നിച്ച മോഹന്‍ലാലും മഞ്ജുവും കോട്ടയത്ത് ഒന്നിക്കുന്നത് ഇതാദ്യം.
2015ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങാണ് മോഹന്‍ലാല്‍ കോട്ടയത്ത് ഒടുവില്‍ പങ്കെടുത്ത പൊതുപരിപാടി. ഒരു മാധ്യമത്തിന്റെ വാര്‍ഷിക ചടങ്ങില്‍ കഴിഞ്ഞ വര്‍ഷം മഞ്ജു വാര്യരും പങ്കെടുത്തു. എന്നാല്‍, ഇരുവരും ഒന്നിച്ചെത്തുന്ന ആദ്യ വേദി 28ന് ബസേലിയസ് കോളേജ് ഗ്രൗണ്ടിലെ ജന്മഭൂമി താരനിശയാണ്.
1997ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാനാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച ആദ്യ ചിത്രം. സൂപ്പര്‍ഹിറ്റായ ഈ സിനിമയിലെ ജഗന്നാഥനും ഉണ്ണിമായയും ആരാധക മനസ്സില്‍ മായാതെ നില്‍ക്കുന്നു. കന്മദത്തിലെ വിശ്വനാഥനെയും ഭാനുവിനെയും അവിസ്മരണീയമാക്കിക്കൊണ്ടായിരുന്നു പിന്നീട് ഇരുവരും ഒന്നിച്ചത്. മഞ്ജു വാര്യര്‍ നായികയായ സമ്മര്‍ ഇന്‍ബേത്‌ലഹേമില്‍ മോഹന്‍ലാല്‍ നായകനല്ലായിരുന്നുവെങ്കിലും നിരഞ്ജന്‍ എന്ന അതിഥി താരമായി എത്തി.
നീണ്ട ഇടവേളയ്‌ക്ക് ശേഷം മഞ്ജുവാര്യര്‍ സിനിമയിലേക്ക് തിരികെയെത്തിയശേഷം ‘എന്നും എപ്പോഴും’ എന്ന സിനിമയില്‍ ലാലിനൊപ്പം ഒന്നിച്ചു.
















