കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളായ ഒബ്രോണ്‍ മാളില്‍ വന്‍ തീപിടിത്തം. മാളിന്റെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ്കോര്‍ട്ടില്‍ നിന്നാണ് തീപിടിത്തമുണ്ടായത്. ഇവിടം പൂര്‍ണമായും കത്തി നശിച്ചു.
തീയറ്ററില്‍ സിനിമ കാണുകായായിരുന്നവരെ ഒഴിപ്പിച്ചു. അഗ്‌നിശമനസേനയെത്തി തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. തീയണയ്‌ക്കാനായി എത്തിയ ഫയര്‍ഫോഴ്്‌സ് അഗ്നിബാധയുണ്ടായ നാലാം നിലയില്‍ ജലമെത്തിക്കാന്‍ സാധിക്കാതെ പ്രതിസന്ധിയിലായത് ആശങ്ക വര്‍ദ്ധിപ്പിച്ചു.
തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സുരക്ഷജീവനക്കാര്‍ വയര്‍ലെസ്സ് വഴി സന്ദേശം കൈമാറുകയും നിമിഷനേരങ്ങള്‍ക്കുള്ളില്‍ അകത്തുണ്ടായിരുന്ന മുഴുവന്‍ പേരേയും പുറത്തിറക്കുകയും ചെയ്യുകയായിരുന്നു.
കറുത്ത കട്ടിയുള്ള പുകയാണ് മാളില്‍ നിന്നുയരുന്നത്. ഇത് ശ്വസിച്ചവര്‍ക്ക് ശ്വാസതടസ്സമുണ്ടായിട്ടുണ്ട്. നിലവില്‍ ഫയര്‍ഫോഴ്‌സിനും പോലീസിനുമൊപ്പം ഒബ്‌റോണ്‍ മാളിലെ സുരക്ഷാജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്.
















