തിരുവനന്തപുരം: പോലീസ് മേധാവിയായി തിരിച്ചെത്തിയ ടി.പി. സെന്‍കുമാറിനെ വേട്ടയാടാനുറച്ച് സംസ്ഥാനസര്‍ക്കാര്‍. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി തിരഞ്ഞെടുക്കപ്പെടാനുള്ള അവസരം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ഭാഗമായി സെന്‍കുമാറിനെതിരെ കടുത്ത ആരോപണങ്ങളടങ്ങുന്ന പ്രത്യേക കുറിപ്പു കൂടി സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനയച്ചു.
വിജിലന്‍സ് ഡയറക്ടറായ ലോക്‌നാഥ് ബെഹ്‌റയെ ഉപയോഗിച്ച് സെന്‍കുമാറിനെ ദ്രോഹിക്കാനാണ് നീക്കം. പോലീസ് ആസ്ഥാനത്തെ ജൂനിയര്‍ സൂപ്രണ്ടും സിപിഎം പോഷകസംഘടനയുടെ സജീവപ്രവര്‍ത്തകയുമായ കുമാരി ബീനയെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കിയ സര്‍ക്കാര്‍ വിജിലന്‍സിനെ ഉപയോഗിച്ച് സെന്‍കുമാറിനെ പൂട്ടാനാണ് ശ്രമിക്കുന്നത്.
ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തു. പഴയ ചില വ്യാജപരാതികള്‍ പൊടി തട്ടിയെടുത്ത് ബെഹ്‌റ അന്വേഷണം ആരംഭിച്ചതായാണ് സൂചന. സെന്‍കുമാര്‍ അന്വേഷണത്തിന്റെയും പരിശോധനകളുടെയും വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുകയാണെന്ന പ്രത്യേക കുറിപ്പാണ് സംസ്ഥാനം കേന്ദ്രത്തിനയച്ചത്.
പരിശോധനാ സമിതി സെന്‍കുമാറിനെ തെരഞ്ഞെടുത്തെങ്കിലും അദ്ദേഹത്തിന്റെ വിശ്വാസ്യത കരിനിഴലിലാണ്. ശുപാര്‍ശ നല്‍കുമ്പോള്‍ സെലക്ഷന്‍ കമ്മറ്റിക്ക് ഇക്കാര്യം അറിയില്ലായിരുന്നു. പകുതി ജുഡീഷ്യല്‍ അധികാരമുള്ള ഭരണഘടനാ സ്ഥാപനമായ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ സെന്‍കുമാറിനെപ്പോലുള്ള ഒരാള്‍ അംഗമായാല്‍ സ്ഥാപനത്തിന്റെ വിശ്വാസ്യത തകരും. സാധാരണ ഐഎഎസ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുക്കുന്നത്.
ഐപിഎസുകാരെയല്ലെന്നും മന്ത്രിസഭായോഗം അംഗീകരിച്ച പ്രത്യേക കുറിപ്പില്‍ വ്യക്തമാക്കുന്നു. ഗവര്‍ണറും ഹൈക്കോടതി ചീഫ് ജസ്റ്റിസും അംഗീകരിച്ച പട്ടികയ്‌ക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായമെന്ന നിലയില്‍ ഈ കുറിപ്പു കൂടി ചേര്‍ത്തിരിക്കുന്നത്.
ട്രൈബ്യൂണലിലെ രണ്ടംഗങ്ങളുടെ ഒഴിവില്‍ മൂന്നു പേരുകളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കമ്മിറ്റി പരിഗണിച്ചത്. ഇതില്‍ സെന്‍കുമാറിനെയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി. വി. സോമസുന്ദരത്തെയും നിയമിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം നടപടിയെടുക്കാതെ മാസങ്ങളോളം നീട്ടിക്കൊണ്ടുപോയി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഏപ്രില്‍ 20 ന് മന്ത്രിസഭ വീണ്ടും പരിഗണിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കേണ്ടെന്നും പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ ഗവര്‍ണറോട് ആവശ്യപ്പെടാനുമായിരുന്നു മന്ത്രിസഭ നിശ്ചയിച്ചത്.
പക്ഷേ, സെലക്ഷന്‍ കമ്മിറ്റി തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാരിനോ സെലക്ഷന്‍ കമ്മിറ്റിക്കു തന്നെയോ ഗവര്‍ണര്‍ക്കോ അധികാരമില്ലെന്നായിരുന്നു ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്റെ മറുപടി. ഉദ്യോഗാര്‍ഥിയെ സംബന്ധിച്ച് അഭിപ്രായമുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാറിനെ ഒഴിവാക്കാനുള്ള പുതിയ നീക്കങ്ങളുമായി സര്‍ക്കാര്‍ രംഗത്തുവന്നത്.
















