കോഴിക്കോട്: മുസ്ലിം വ്യക്തിനിയമം പൂര്‍ണ്ണമായും പരിഷ്‌കരിക്കണമെന്ന് ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി പ്രസിഡന്റ് ഡോ. കെ.കെ. സാലിം ഹാജി. വിവാഹം, മുത്തലാഖ്, സ്വത്തവകാശം തുടങ്ങി മുസ്ലിം വ്യക്തിനിയമം അനുശാസിക്കുന്ന നിയമങ്ങള്‍ ഖുര്‍ ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനുഷിക മൂല്യങ്ങള്‍ക്കും വ്യക്തി സ്വാതന്ത്ര്യത്തിനും മതനിരപേക്ഷ സമൂഹത്തില്‍ പാലിക്കേണ്ട മര്യാദകള്‍ക്കും എതിരാണ്.
മുസ്ലിം വ്യക്തിനിയമം പൂര്‍ണമായി പരിഷ്‌കരിക്കാന്‍ കേന്ദ്രം തയ്യാറാവണം. ഈ ആവശ്യമുന്നയിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടതിയെ സമീപിച്ചതാണ്. 1964 മുതല്‍ 1993 ല്‍ വധിക്കപ്പെടുന്നതുവരെ ചേകന്നൂര്‍ മൗലവി നിരന്തരം ഉന്നയിച്ച വിഷയമാണിത്. മുന്‍ രാഷ്‌ട്രപതി വി.വി. ഗിരി ഉള്‍പ്പെടെയുള്ളവരെ സമീപിച്ച് ഇത് സംബന്ധിച്ച നിവേദനം മൗലവി സമര്‍പ്പിച്ചിരുന്നു. ഒരാള്‍ ഒരേ സമയം എത്ര തവണ തലാഖ് ചൊല്ലിയാലും അത് ഒന്നായി മാത്രമേ പരിഗണിക്കാവൂ എന്ന് മൗലവി സമര്‍ത്ഥിച്ചതാണ്.
മുത്തലാഖ് എന്ന കാടന്‍ സമ്പ്രദായം മാത്രം നിരോധിക്കുന്നതുകൊണ്ട് പ്രശ്‌നങ്ങള്‍ തീരില്ല. മുസ്ലിം വ്യക്തി നിയമത്തില്‍ നിരവധി കാടന്‍ നിയമങ്ങളുണ്ട്. അത് മുഴുവനും കാലോചിതമായി പരിഷ്‌കരിക്കണം. ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജലീല്‍ പുറ്റെക്കാട്, എം.എസ്. റഷീദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















