കോട്ടയം: കെ.എം. മാണിയോട് മൃദുസമീപനം കൈക്കൊള്ളണമെന്നും, പ്രാദേശിക ധാരണകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നുമുള്ള കോണ്‍ഗ്രസ് കേരള-കേന്ദ്ര നിലപാടിനെ തള്ളി യുഡിഎഫ് ജില്ലാ ഘടകം. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിലപാടിനൊപ്പം യുഡിഎഫും നിലയുറപ്പിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി.
കോട്ടയം ജില്ലാ പഞ്ചായത്തില്‍ സിപിഎം പിന്തുണയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി സ്ഥാനം കൈക്കലാക്കിയവരെ ഒരുവിധത്തിലും യുഡിഎഫിനോട് അടുപ്പിക്കാന്‍ പാടില്ലെന്ന നിലപാടാണ് ഡിസിസി നേതൃയോഗം എടുത്തിരുന്നത്. ഇന്നലെ നടന്ന യുഡിഎഫ് യോഗവും ഇതാവര്‍ത്തിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോസി സെബാസ്റ്റിയന്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിലൊക്കെ വീറോടെ കെ.എം. മാണിക്കും പാര്‍ട്ടിക്കുമെതിരേ നിലപാട് കൈക്കൊണ്ടിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലത്തെ യോഗത്തില്‍ അഴകൊഴമ്പന്‍ നയമാണ് സ്വീകരിച്ചത്. പന്തിപ്പോള്‍ കേരളാ കോണ്‍ഗ്രസിന്റെ കളത്തിലെത്തിച്ചിരിക്കുകയാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ വിശദീകരണം. എന്നാല്‍ ഈ നിലപാടുകളെല്ലാം യുഡിഎഫ് നേതൃയോഗം പാടെ തള്ളി.
കഴിഞ്ഞദിവസം പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ അകലക്കുന്നം ഗ്രാമപഞ്ചായത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനെ കോണ്‍ഗ്രസ് തുണച്ചിരുന്നു. ഇത് ഉമ്മന്‍ ചാണ്ടിക്ക് വ്യക്തിപരമായി ക്ഷീണമുണ്ടാക്കുക്കുകയും ചെയ്തു. കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയുടെ തീരുമാനപ്രകാരമാണ് പിന്തുണ നല്‍കിയതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പിന്നീട് വിശദീകരിച്ചത്.
















