തുറവൂര്‍: തുറവൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം വൃത്തിഹീനമായി കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യങ്ങള്‍ വര്‍ദ്ധിക്കുന്നു. സമാന്തര റോഡുകളിലും റെയില്‍വേപ്പാളത്തിനുമിടയിലെ സ്ഥലങ്ങളിലെല്ലാം കാടുകയറിയ നിലയിലാണ്. റെയില്‍വേ സ്റ്റേഷന്‍ മുതല്‍ വടക്കോട്ട് തഴുപ്പ് ലെവല്‍ ക്രോസ് റോഡ് വരെയുള്ള ഭാഗത്താണ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രങ്ങളെന്ന് പ്രദേശ വാസികള്‍ പറയുന്നു. പ്രദേശവാസികള്‍ സംഘടിച്ചാണ് പലപ്പോഴും കാടുകള്‍ വെട്ടിനീക്കുന്നത്. തീവണ്ടിയിറങ്ങുന്ന യാത്രക്കാര്‍ രാത്രിയില്‍ ഭയത്തോടെയാണ് ഇത് വഴി കടന്നു പോകുന്നത്.
















