അമ്പലപ്പുഴ: സമരപ്പന്തലില്‍ അതിക്രമിച്ചു കയറിയ മദ്യഷോപ്പു ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു, പുന്നപ്ര വെട്ടിക്കരി വിദേശമദ്യഷോപ്പ് ജീവനക്കാരനും വാടയ്‌ക്കല്‍ സ്വദേശിയുമായ ദേവനെയാണ് പുന്നപ്ര എസ്‌ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു സംഭവം. വെട്ടിക്കരിയില്‍ ആരംഭിച്ച വിദേശ മദ്യഷോപ്പ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ മൂന്നു ദിവസമായി നടത്തുന്ന സമരപ്പന്തലിലേക്ക് ഇതേ ഷോപ്പിലെ ജീവനക്കാരനും വാടയ്‌ക്കല്‍ സ്വദേശിയുമായ ദേവന്‍ അതിക്രമിച്ചുകയറുകയും സമരക്കാരെ അസഭ്യം പറയുകയുമായിരുന്നു. ഇയാള്‍ പന്തലിലുണ്ടായിരുന്ന കസേരകള്‍ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞു.
ഈസമയം സമരസമിതി കണ്‍വീനര്‍ ജലജയുടെ നേതൃത്വത്തിലുള്ള പത്തോളം സ്ത്രീകള്‍ മാത്രമായിരുന്നു പന്തലിലുണ്ടായിരുന്നത്. ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
















