സ്വാമി ഭൂമാനന്ദതീര്‍ത്ഥയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് വെങ്ങിണിശ്ശേരി നാരായണാശ്രമ തപോവനത്തില്‍ നടന്ന പാദപൂജ
തൃശൂര്‍: വെങ്ങിണിശ്ശേരി നാരായണാശ്രമതപോവനം മഠാധിപതി സ്വാമി ഭൂമാനന്ദതീര്‍ഥയുടെ 84-ാം ജയന്തി ആശ്രമത്തില്‍ വിപുലമായ പരിപാടികളോടെ നടന്നു. രാവിലെ 8.30നു ഭജനയോടെ ആരംഭിച്ചു. ഗുരുപൂജയെത്തുടര്‍ന്നു അദ്ദേഹം അനുഗ്രഹതത്ത്വപ്രവചനം നല്കി. പിന്നീടു പ്രസാദവിതരണവും ഭക്തിഭോജനവും നടന്നു.
ഭഗവദ്ഗീത, അഷ്ടാവക്രസംഹിത തുടങ്ങിയ ശാസ്ത്രഗ്രന്ഥങ്ങളിലെ ഉദ്‌ബോധകമായ വാക്യങ്ങള്‍ ഏവര്‍ക്കും നിത്യജീവിതത്തില്‍ പ്രയോഗിച്ച് എന്തു പ്രതിസന്ധിയേയും തരണംചെയ്യാന്‍ പ്രാപ്തനാക്കുമെന്ന് സ്വാമിജി പറഞ്ഞു. അതുല്യമായ സാഹിത്യസമ്പത്താണ് ഭാരതത്തിനുള്ളത്. അവയെ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ യുവജനത മടികാണിയ്‌ക്കുന്നതു ഖേദകരമാണ്.
വടക്കാഞ്ചേരി വ്യാസതപോവനത്തിലെ പ്രജ്ഞാനാനന്ദജി, ശങ്കരാനന്ദതീര്‍ഥജി, മാതാജി ശിവപ്രിയ, മാതാജി ഗുരുപ്രിയ, മാതാജി ഈശാനപ്രാണ തുടങ്ങിയ സന്യാസിശ്രേഷ്ഠരും, സാധു പദ്മനാഭന്‍, അയ്‌കുന്നു പാണ്ഡവഗിരി, ശങ്കരമംഗലം എന്നീ ക്ഷേത്രങ്ങളുടെ ഭാരവാഹികളും സന്നിഹിതരായിരുന്നു. മെട്രോ ഉപദേശകന്‍ ഇ. ശ്രീധരന്‍, പ്രൊഫ. വൈദ്യലിംഗശര്‍മ, എച്ച് എല്‍.എല്‍. മുന്‍ ചെയര്‍മാന്‍ ഡോ. അയ്യപ്പന്‍, ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പി. എന്‍. രവീന്ദ്രന്‍, അഡ്വക്കേറ്റ് മങ്ങോട്ടു രാമകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.
















