പയ്യന്നൂര്‍: സിപിഎമ്മുകാര്‍ കഴുത്തറുത്ത് കൊന്ന ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹ് പയ്യന്നൂര്‍ കക്കംപാറയിലെ ചൂരക്കാട് ബിജുവിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ വൈകിട്ട് നാല് മണിയോടെ ചിറ്റടിയിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് മൃതദേഹം ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, പ്രാന്തീയകാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, ബിജെപി ദേശീയനിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് തുടങ്ങിയവര്‍ ഏറ്റുവാങ്ങി. ഉച്ചക്ക് രണ്ട് മണിയോടെ വിലാപയാത്രയായി മൃതദേഹം ജന്‍മഗ്രാമമായ കക്കംപാറയിലേക്ക് കൊണ്ടുപോയി.
ബിജുവിനെ ഒരു നോക്ക് കാണാനും അന്ത്യോപചാരമര്‍പ്പിക്കാനും ആയിരങ്ങളാണ് എത്തിയത്. ബിജുവിനെ വെട്ടിക്കൊന്ന സിപിഎം നിലപാടിലുള്ള പ്രതിഷേധം തുറന്നുകാട്ടി പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരും അന്ത്യോപചാരമര്‍പ്പിക്കാനെത്തി.
















