ആലുവ ശിവരാത്രി മണപ്പുറത്ത് ശ്രീരാമകൃഷ്ണ ഭക്ത സമ്മേളനം സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. പി.വി. ഗംഗാധരന്‍, ഡോ.എം. ലക്ഷ്മികുമാരി, സ്വാമി ഗിരിശാനന്ദ, സ്വാമി സദ്ഭാവനാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ സമീപം
ആലുവ: ആധുനിക ലോകത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി ശ്രീരാമകൃഷ്ണദേവന്‍ സ്വന്തം ജീവിതത്തില്‍ പ്രായോഗികമായി നടപ്പിലാക്കിയത് ഭാരതത്തിന്റെ അനശ്വരമായ ആധ്യാത്മിക തത്വങ്ങള്‍ തന്നെയാണെന്ന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. ആലുവ മണപ്പുറത്ത് നടക്കുന്ന 16-ാമത് ശ്രീരാമകൃഷ്ണ ഭക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അത്യന്താധുനിക ശാസ്ത്ര സാങ്കേതിക കാലഘട്ടത്തില്‍ മനുഷ്യരാശിക്കാകമാനം മാര്‍ഗദര്‍ശിയായിരുന്നു ശ്രീരാമകൃഷ്ണദേവന്‍. മനുഷ്യചിന്താഗതിയില്‍ ഒരു സമൂല പരിവര്‍ത്തനത്തിനാണ് സ്വാമി തുടക്കമിട്ടത്. സ്വാമി ഗോലോകാനന്ദ അധ്യക്ഷത വഹിച്ചു. കൊല്‍ക്കത്ത ബേലൂര്‍മഠം ഭാവപ്രചാര്‍ പരിഷത്ത് കണ്‍വീനര്‍ സ്വാമി ഗിരീശാനന്ദ ദീപപ്രോജ്ജ്വലനം നടത്തി. മാതൃഭൂമി എം.ഡി എം.പി വീരേന്ദ്രകുമാറിനുളള പുരസ്‌കാരം സ്വാമി ശ്രീവിദ്യാനന്ദയില്‍ നിന്ന് മാനേജിംഗ് ഡയറക്ടര്‍ പി.വി. ഗംഗാധരന്‍ ഏറ്റുവാങ്ങി.
സോവനീര്‍ പ്രകാശനം സ്വാമി സദ്ഭവാനന്ദയ്‌ക്ക് നല്‍കി സ്വാമി ശിവസ്വരൂപാനന്ദ നിര്‍വ്വഹിച്ചു. ഡോ.എം. ലക്ഷ്മികുമാരി, പ്രൊഫ. പി.വി. പീതാംബരന്‍, സി.അനില്‍കുമാര്‍, ശരത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉച്ചയ്‌ക്ക് ശേഷം നടന്ന പ്രഭാഷണ സഭയില്‍ സ്വാമി വിവേകാനന്ദനും സിസ്റ്റര്‍ നിവേദിതയും എന്ന വിഷയത്തില്‍ ഡോ.എം.വി.ജയന്‍ പ്രബന്ധം അവതരിപ്പിച്ചു. സ്വാമി ഭദ്രേശാനന്ദ, ഇന്ദിരാകൃഷ്ണകുമാര്‍, ഡോ.ടി.വി.മുരളീവല്ലഭന്‍, പ്രൊഫ. എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് രാവിലെ നടക്കുന്ന യുവസംഗമം റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എ. അജിത്കുമാര്‍ ഉദ്ഘാടനം ചെയ്യും.
















