ഇടുക്കി: മൂന്നാറിലെ കൈയേറ്റങ്ങളില്‍ ജില്ലാ ഭരണകൂടം തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഒരേക്കറും അതിലേറെയും കൈയേറിയത് 42 പേര്‍. മന്നാംകണ്ടത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് നിര്‍മ്മിക്കാന്‍ പുറമ്പോക്ക് കൈയേറി. രണ്ടിടത്താണ് കൈയേറ്റം. 154 പേരുടെ പട്ടികയില്‍ 109, 116 നമ്പറുകളിലാണ് സിപിഎമ്മുകാരുടെ കൈയേറ്റം.
സൂര്യനെല്ലി സെന്റ് ജോര്‍ജ് പള്ളി, സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി പള്ളിവാസല്‍, സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി തോക്കുപാറ, സെന്റ് ജോര്‍ജ് പള്ളി കുഞ്ചിത്തണ്ണി എന്നിവയും പട്ടികയില്‍. കെഎസ്ഇബിയുടെ ആനയിറങ്കല്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്തെ കൈയേറ്റമാണ് വലുത്. ഇവിടെ 611 ഹെക്ടര്‍ കൈയേറി. ഇവരുടെ കൃത്യമായ പേരുകള്‍ ശേഖരിക്കാന്‍ പോലും റവന്യൂ വകുപ്പിന് കഴിഞ്ഞിട്ടില്ല.
മറയൂരില്‍ ജോസഫ് ആന്റണിയും കൂട്ടരും പമ്പാറിന്റെ നാലേകാല്‍ ഏക്കറും ആനവിരട്ടി വില്ലേജില്‍ ആന്റോ തരകന്‍ ഒരേക്കറും കൈയേറി. കെഡിഎച്ച് വില്ലേജില്‍ ഒന്നേകാല്‍ ഏക്കര്‍ ഭൂമി പേര് കണ്ടെത്താനാകാത്ത വ്യക്തികളും കൈയേറിയിട്ടുണ്ട്. കുഞ്ചിത്തണ്ണിയില്‍ രണ്ടരയേക്കറില്‍ ഡ്രീംലാന്‍ഡ് സ്‌പൈസസ് പാര്‍ക്ക് അനധികൃതമായി പ്രവര്‍ത്തിക്കുന്നു.
ജോളി പോള്‍ പള്ളിവാസലില്‍ 30 ഏക്കറും, ജോണ്‍സണും കൂട്ടരും ദേവികുളത്ത് ആരോഗ്യ വകുപ്പിന്റെ മൂന്ന് ഏക്കറും കെഡിഎച്ച് വില്ലേജില്‍ പലയാളുകളുടെ പേരില്‍ 68 ഏക്കര്‍ ഭൂമിയും കൈയേറി. പള്ളിവാസല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി മൂന്നേക്കറോളം ഭൂമി കൈവശപ്പെടുത്തി.
ജെസിയെന്ന സ്ത്രീക്കുണ്ട് പള്ളിവാസലില്‍ 25 ഏക്കര്‍ ഭൂമി. ആന്റോ ആന്റണി മറയൂരില്‍ നാലേകാലേക്കര്‍ ഭൂമി കൈവശപ്പെടുത്തി. അബ്ദുള്‍ സലാം (മൂന്ന് ഏക്കര്‍), ബീന നാസര്‍ (രണ്ട് ഏക്കര്‍), റസിയ സലിം (രണ്ട് ഏക്കര്‍), പി.എസ്. രാജ്കുമാര്‍ (എട്ട് ഏക്കര്‍), പാപ്പാ (രണ്ട് ഏക്കര്‍), വി.എസ്. ചന്ദ്രന്‍ (രണ്ട് ഏക്കര്‍) എന്നിവര്‍ കീഴാന്തൂരിലെ കൈയേറ്റക്കാര്‍.
കീഴാന്തൂരില്‍ തന്നെ ഗായത്രി, മാത്യു, മുഹമ്മദ്, സിനി, ശ്രീദേവി, കെ.പി. സരസ്വതി, എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന്, നാല്, 1.70, 3.50, 3.50 ഏക്കര്‍ ഭൂമി കൈയേറി. എഡിജിപി ടോമിന്‍ കെ.തച്ചങ്കരിയുടെ സഹോദരന്‍ ടിസണ്‍ തച്ചങ്കരി ഏഴേക്കര്‍, ടിനു കുര്യാക്കോസ് അഞ്ചരയേക്കര്‍, എ.ഡി. ജോര്‍സണ്‍ അഞ്ചേക്കര്‍, കെ.എന്‍. മോഹനന്‍ ഒമ്പതേക്കര്‍, സന്തോഷ് തോമസ് അഞ്ചരയേക്കര്‍, ജോസ് ജോസ് രണ്ടേക്കര്‍, വെള്ളൂക്കുന്നേല്‍ ജിമ്മി സ്‌ക്കറിയ, ബോബി സ്‌ക്കറിയ എന്നിവര്‍ ചേര്‍ന്ന് 39 ഏക്കര്‍, ജിജി സ്‌ക്കറിയ പള്ളിക്കുന്നേല്‍ നാല് ഏക്കര്‍, മന്ത്രി എം.എം. മണിയുടെ സഹോദരന്‍ ലംബോദരന്റെ മകന്‍ ലെജീഷ് ലംബോദരന്‍ ഏഴരയേക്കര്‍ എന്നിവര്‍ ചിന്നക്കനാലിലെ പ്രധാന കൈയേറ്റക്കാര്‍.
ശാന്തന്‍പാറയില്‍ രാമകൃഷ്ണന്‍ ഒരേക്കര്‍, ചതുരങ്കപ്പാറ കെ.സി. ജോര്‍ജ് രണ്ടേക്കര്‍ കൈയേറിയെന്നാണ് സര്‍ക്കാരിന്റെ പക്കലുള്ള ലിസ്റ്റ്.
















