വാഷിങ്ടൻ: യുഎസിലെ ഹാൻഫോർഡിൽ ആണവമാലിന്യ ശേഖരണ പ്ലാന്റിലെ ടണൽ തകർന്നു. പ്രാദേശിക സമയം ചൊവ്വ പകല്‍ 8.26നാണ് പ്ലൂട്ടോണിയം – യുറേനിയം വേർതിരിച്ചെടുക്കുന്ന കേന്ദ്രത്തിനു സമീപമുള്ള ടണൽ തകർന്നത്.
അപകടത്തെ തുടര്‍ന്ന് മേഖലയിൽ യുഎസ് ഊർജ വിഭാഗം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അപകടകാരികളായ ഉയർന്ന ആണവ വികിരണതോതിലുള്ള സാധനങ്ങളും ഉപകരണങ്ങളുമാണ് ഈ ടണലിൽ സൂക്ഷിച്ചിരുന്നത്. ആണവ ഇന്ധന ദണ്ഡുകൾ വഹിക്കാവുന്ന ട്രെയിനുകളും ഇവിടെ ഉണ്ടായിരുന്നു.
തകർന്ന തുരങ്കത്തിനു സമീപം ജോലിചെയ്തിരുന്നവരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. മേഖലയിൽ ജോലിചെയ്യുന്നവർ പുറത്തിറങ്ങരുതെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. ആരും ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യരുതെന്നും സന്ദേശം നൽകിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒറിഗോണുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ വാഷിങ്ടനിൽ കൊളംബിയ നദിക്കു സമീപമാണ് ഹാൻഫോർഡ് സ്ഥിതി ചെയ്യുന്നത്. ആണവായുധം നിർമിക്കാനുള്ള മാൻഹട്ടൻ പദ്ധതി പ്രകാരം രണ്ടാം ലോക മഹായുദ്ധ സമയത്താണ് പ്ലാന്റ് പണിതത്. ഇപ്പോഴും ഉയർന്നതോതിലുള്ള ആണവ വികിരണ മാലിന്യം (53 മില്യൺ ഗാലൺ) ഇവിടെയുണ്ടെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: