ചെന്നൈ: ചിന്നസ്വാമി സ്വാമിനാഥന് കര്ണ്ണന്, അതാണു മുഴുവന്‍ പേര്, തമിഴ്നാട്ടിലെ കൂഡല്ലൂര്‍ ജില്ലയില്‍ ജനനം. രാഷ്ട്രപതിയുടെ മെഡല്‍ നേടിയ അധ്യാപകനാണ് അച്ഛന്. അമ്മ കമലം അമ്മാള്‍ മക്കളുടെ വിദ്യാഭ്യാസത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്നു.
മംഗലാംപെട്ട് ഹൈസ്കൂള്‍, വിരുദാചലം ആര്‍ട്സ് കോളെജ്, ചെന്നൈയിലെ ന്യൂ കോളെജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം മദ്രാസ് ലോ കോളെജില്‍ നിന്ന് 1983 ല്‍ നിയമത്തില്‍ ബിരുദം നേടി. പഠിക്കുന്ന കാലത്ത് എന്‍സിസിയിലും നാഷണല്‍ സര്‍വീസ് സ്കീമിലും സജ്ജീവമായിരുന്നു.
അഭിഭാഷകനായി പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ മികച്ച സേവനത്തിനു പ്രശംസ കിട്ടി കര്ണ്ണന്. കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ പദവി വരെയെത്തിയതിനു ശേഷമാണ് ജഡ്ജിയായത്. 2009 മാര്‍ച്ച് മുപ്പതിനാണ് കര്ണ്ണന് മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയായത്.
മൂന്നു മാസം കഴിഞ്ഞപ്പോള്‍ത്തന്നെ വാര്‍ത്തകളില്‍ ഇടം നേടി. ദളിതനായ തന്നോട് സഹപ്രവര്‍ത്തകരായ ജഡ്ജിമാര്‍ വിവേചനപരമായി പെരുമാറുന്നു എന്നു കാണിച്ച് ദേശീയ പട്ടികജാതി കമ്മീഷന് പരാതി കൊടുത്തപ്പോഴായിരുന്നു അത്. ഒരു ഹൈക്കോടതി ജഡ്ജി ഇത്തരത്തിലൊരു പരാതി നല്‍കുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു. കമ്മീഷന്റെ അന്നത്തെ ചെയര്മാന് പി.എല്‍. പുനിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എച്ച്. കപാഡിയയ്ക്ക് ഈ പരാതി കൈമാറി.
2014ല്‍ ജസ്റ്റിസ് കര്ണ്ണന് എല്ലാവരേയും വീണ്ടും ഞെട്ടിച്ചു. ജഡ്ജിമാരുടെ നിയമനത്തെ സംബന്ധിച്ചു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഡിവിഷന് ബെഞ്ച് പരിഗണിച്ചു കൊണ്ടിരിക്കെ ആ കോടതിമുറിയിലേക്കു കയറിച്ചെന്ന് തനിക്ക് ഇക്കാര്യത്തില്‍ വിയോജിപ്പുകളുണ്ടെന്നും സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും പറയുകയായിരുന്നു. തന്റെ പരിഗണനയ്ക്കു വരാത്ത വിഷയത്തില്‍, മറ്റൊരു കോടതി മുറിയില്‍ കയറിച്ചെന്ന് ഒരു ജഡ്ജി ഇത്തരത്തില്‍ പെരുമാറുന്നതും ചരിത്രത്തിലാദ്യം.
ഇതെക്കുറിച്ച് അന്നത്തെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്. കെ. അഗര്‍വാള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന് ഇപ്പോള്‍ കേരള ഗവര്‍ണര്‍) കത്തയച്ചു. സഹപ്രവര്‍ത്തകരായ ജഡ്ജിമാര്‍ ജസ്റ്റിസ് കര്‍ണ്ണനെ ഭയപ്പെടുന്നു. അദ്ദേഹം പരിധി വിട്ട് പ്രവര്‍ത്തിക്കുന്നു. അഭിഭാഷകര്‍ ബഹിഷ്കരിക്കുന്നു. അദ്ദേഹത്തെ മറ്റൊരു ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റണം എന്നായിരുന്നു ആ കത്തിലെ ആവശ്യം.
മദ്രാസ് ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിക്കെതിരെ പീഡന ആരോപണം ജസ്റ്റിസ് കര്ണ്ണന് ഉന്നയിച്ചത് 2015ല്‍. തൊട്ടു പിന്നാലെ നിയമവൃത്തങ്ങളെ ഞെട്ടിച്ച്, ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ഉത്തരവു തന്നെ കര്ണ്ണന് റദ്ദാക്കി. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് അന്നത്തെ ചീഫ് ജസ്റ്റിസ് എസ്. കെ. കൗള്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു കര്ണ്ണന്. പിന്നീട് സുപ്രീം കോടതി ഇടപെട്ട് കര്‍ണ്ണന്റെ നടപടി റദ്ദാക്കി. ജഡ്ജിമാരെ തെരഞ്ഞെടുക്കാനുള്ള കൊളീജിയം സംവിധാനത്തേയും അന്ന് കര്ണ്ണന് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
വളരെ ദുര്‍ബലമായ കേസുകള്‍ നല്‍കുകയാണെന്നും തന്നെ ഡമ്മിയാക്കുകയാണെന്നും ആരോപിച്ച് കര്ണ്ണന് 2015 നവമ്പറില്‍ ദീര്‍ഘ കാലത്തെ അവധിയില്‍ പോയി. 2016 മാര്‍ച്ച് പതിനൊന്നിന് കര്‍ണ്ണനെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. സംഘര്‍ഷം അവസാനിച്ചില്ല, സുപ്രീം കോടതിയുമായി കര്ണ്ണന് വീണ്ടും കൊമ്പു കോര്‍ത്തു.
ഇന്നലെ കര്‍ണ്ണനെ ആറുമാസം തടവിനു ശിക്ഷിച്ച സുപ്രീം കോടതി ഉത്തരവില്‍ എത്തി നില്ക്കുന്നു ഈ സംഘര്‍ഷം. ഇതിനോട് ജസ്റ്റിസ് കര്ണ്ണന് എങ്ങിനെ പ്രതികരിക്കും എന്നു കാത്തിരിക്കുകയാണ് നിയമലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: