സുക്മ: മാവോയിസ്റ്റ് സാന്നിധ്യമുള്ള സുക്മ മേഖലയില്‍ സിആര്‍പിഎഫിന്റെ പ്രത്യേക ഗറില്ല സംഘമായ കോബ്ര 2000 സൈനികരെ വിന്യസിക്കാനൊരുങ്ങുന്നു. ഗറില്ല യുദ്ധ മുറകളില്‍ പ്രത്യേക പരിശീലനം ലഭിച്ച കോബ്ര ബെറ്റാലിയന്‍ കമാന്‍ഡോകളെയാവും വിന്യസിക്കുന്നത്. സിആര്‍പിഎഫിന്റെയും ബിഎസ്എഫിന്റെയും ചില ബെറ്റാലിയനുകളെ പുനര്‍വിന്യസിക്കാനും തീരുമാനമാനിച്ചിട്ടുണ്ട്.
മാവോയിസ്റ്റാക്രമണങ്ങള്‍ നടക്കുന്നപശ്ചിമ ബംഗാള്‍, ബീഹാര്‍, തെലുങ്കാന, മധ്യപ്രദേശ് എന്നീ പ്രദേശങ്ങളില്‍ സ്പെഷ്യല്‍ ഫോഴ്സായി പ്രവര്‍ത്തിച്ച് പരിചയമുള്ള സൈനികരെയാണ് സിആര്‍പിഎഫ് സുക്മ ജില്ലയിലേക്ക് നിയമിച്ചിരിക്കുന്നത്.
ഇന്റലിജന്‍സ് വകുപ്പിന്റെ നിര്‍ദ്ദേശത്തില്‍ പ്രവര്‍ത്തിക്കുന്ന കോബ്ര പരിസര പ്രദേശങ്ങള്‍ക്ക് പരമാവാധി നാശനഷ്ടം കുറച്ച് ശത്രുക്കളെ തുരത്താന്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ്. സുക്മ ജില്ലയില്‍ കോബ്ര ടീമിന്റെ സാന്നിധ്യം മാവോയിസ്റ്റ് ആക്രമണങ്ങള്‍ അറുതി വരുത്തുമെന്നാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വാദം.
ഇതിനോടകം 44 കോബ്ര ടീമില്‍ നിന്നും 154 സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തി ചാര്‍ജെടുത്തു കഴിഞ്ഞു. വരും ദിവസങ്ങളില്‍ പുതിയ ടീമംഗങ്ങള്‍ ചാര്‍ജെടുക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസില്‍ നിന്നുള്ള വിവരം. കോബ്രയുടെ പദ്ധതികള്‍ക്കും, ആക്രമണങ്ങള്‍ക്കും ഇന്ത്യന്‍ എയര്‍ഫോഴ്സ് പൂര്‍ണ്ണ പിന്തുണയാണ് ഉറപ്പ് നല്‍കിയിരിക്കുന്നത്.
മാവോയിസ്റ്റ് ഏറ്റുമുട്ടലുകള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരികയാണ് .ഏപ്രില്‍ 24ന് സുക്മ മേഖലയില്‍ മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.
















