അടുത്തയാഴ്ച നരേന്ദ്ര മോദി ഭരണത്തിന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കും. ഈവര്‍ഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വലിയ വിജയം കൈവന്നത് നരേന്ദ്ര മോദിക്ക്. മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ 2014 മെയില്‍ ഉള്ളതിനെക്കാള്‍ ജനപിന്തുണ ഇപ്പോഴുണ്ടെന്ന് തെളിയിച്ചു.
ഏറ്റവും ശ്രദ്ധേയമായി തലസ്ഥാനത്ത് ഏപ്രില്‍ 26 ന് വിധി പറഞ്ഞ മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ്. ഇത് പല അര്‍ത്ഥത്തിലും ഭാവിയിലേക്കുള്ള ചൂണ്ടുപലകയായി നിരീക്ഷകര്‍ വിലയിരുത്തി. മോദിക്കെതിരെ വിശാല സഖ്യമുണ്ടാക്കാനുള്ള ബഹുകക്ഷി യത്‌നങ്ങള്‍ക്കും വലിയ തിരിച്ചടിയായി ഇത്.
പുതിയ രാഷ്‌ട്രീയവും പുത്തന്‍ അടവുകളും എന്ന പരിവേഷവുമായി അധികാരത്തിലെത്തിയ മോദിക്ക്, പരമ്പരാഗത രാഷ്‌ട്രീയ പ്രതിയോഗികളില്‍നിന്ന് ഭയക്കാനൊന്നുമില്ല. ബദല്‍ രാഷ്‌ട്രീയവും സദാചാര സമ്പന്നതയും ശുദ്ധിയും വലിയ പരിവര്‍ത്തനവും വാഗ്ദാനം ചെയ്ത് മോദിക്ക് ബദലായി മുന്നോട്ട് വന്ന മറ്റൊരു പ്രസ്ഥാനമായിരുന്നു അരവിന്ദ് കേജ്‌രിവാളിന്റേത്. കേജ്‌രിവാളിനെ മുന്നില്‍ നിര്‍ത്തി മോദിക്ക് ബദല്‍ സൃഷ്ടിക്കാനായിരുന്നു എല്ലാ പ്രതിലോമകക്ഷികളുടെയും ശ്രമം. കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും ആവര്‍ത്തിച്ച് കേജ്‌രിവാളിനെ അനുകരിക്കുന്നതും ജനം കണ്ടു.
കേജ്‌രിവാൡന്റെ പാര്‍ട്ടി ഇപ്പോള്‍ വലിയ അന്തര്‍കലഹത്തിന്റെയും അധികാര വടംവലിയുടെയും മാത്രമല്ല, വലിയ അഴിമതി ആരോപണങ്ങളുടെയും കൂത്തരങ്ങായി. ഒപ്പം അവര്‍ക്ക് നഷ്ടപ്പെട്ട ജനപിന്തുണ ഏവരെയും അതിശയിപ്പിച്ചു. രണ്ടുവര്‍ഷം മുന്‍പ് 70 ല്‍ 67 എംഎല്‍എമാരുമായി ദല്‍ഹിയില്‍, 53 ശതമാനം വോട്ടു നേടി അധികാരത്തില്‍ വന്ന കേജ്‌രിവാള്‍ ഇപ്പോള്‍ മൂന്ന് കോര്‍പ്പറേഷനുകളിലുമായി 67 വാര്‍ഡുകള്‍ പോലും ജയിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മൂന്ന് കോര്‍പ്പറേഷനുകളിലുംകൂടി ആകെ കിട്ടിയത് 46 സീറ്റുകള്‍.
ബിജെപിക്കാകട്ടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം. ആകെയുള്ള 270 സീറ്റില്‍ 181 സീറ്റ് ബിജെപി നേടി. വലിയ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസിന് ആകെ കിട്ടിയത് 30 സീറ്റ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയ സീറ്റിന്റെ മൂന്നിലൊന്നായി കുറഞ്ഞു കോണ്‍ഗ്രസിന്റെ അംഗബലം.
ഏറെ അതിശയിപ്പിച്ചത് ആം ആദ്മി പാര്‍ട്ടിയുടെ വോട്ടിങ് ശതമാനത്തില്‍ സംഭവിച്ച ഇടിവാണ്. 53 ശതമാനത്തില്‍നിന്ന് 26 ശതമാനമായി കുറഞ്ഞു. ഈ വീഴ്ച രജോരി ഗാര്‍ഡന്‍ അസംബ്ലി സീറ്റിലേക്ക് രണ്ടാഴ്ച മുന്‍പ് നടന്ന ഉപരെതഞ്ഞെടുപ്പിലും ദൃശ്യമായതാണ്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം, കോര്‍പ്പറേഷനില്‍ ആവര്‍ത്തിക്കുകയാണുണ്ടായത്. ബിജെപിയുടെ വോട്ട് 37 ശതമാനം, 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏഴില്‍ ഏഴ് ലോക്‌സഭാ സീറ്റും ജയിച്ചപ്പോള്‍ കിട്ടിയ 34 ശതമാനത്തില്‍നിന്ന് രണ്ടര ശതമാനം കൂടുതലാണ്.
കോണ്‍ഗ്രസിന് 21 ശതമാനം വോട്ട് കിട്ടിയത്, കഴിഞ്ഞ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കിട്ടിയ 30 ശതമാനത്തില്‍നിന്ന്, ഒന്‍പത് ശതമാനത്തിന്റെ കുറവാണെങ്കിലും അസംബ്ലി തെരഞ്ഞെടുപ്പില്‍ (2015) കേവലം 15.5 ശതമാനമായി കുറഞ്ഞതില്‍നിന്ന് നേട്ടമായി എന്നു പറയാം.
ഇതോടെ ആം ആദ്മി പാര്‍ട്ടി ബിജെപിക്ക് ബദലായി ദേശീയതലത്തില്‍ ഉദയംചെയ്യുമെന്ന ബിജെപി വിരുദ്ധ ക്യാമ്പിന്റെ ദിവാസ്വപ്‌നത്തിനേറ്റ വലിയ പ്രഹരമായി. ഗോവയിലും പഞ്ചാബിലും ഇതിന് തൊട്ടുമുന്‍പ് ഏറ്റ പരാജയവുംകൂട്ടിവായിക്കുമ്പോള്‍, കേജ്‌രിവാളിനെ, ദേശീയ അസംതൃപ്ത മുന്നണിയുടെ മുഖമാക്കി മാറ്റി, 2019 ല്‍ മോദിയെ നേരിടാമെന്ന വ്യാമോഹവുമായി രാഷ്‌ട്രീയ തന്ത്രങ്ങള്‍ മെനയുന്ന കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത നിരാശയും തിരിച്ചടിയുമായി.
ഇനി ആം ആദ്മി പാര്‍ട്ടിയുടെ നിലനില്‍പ്പുതന്നെ അവതാളത്തിലാണ്. അകത്തുനിന്ന് പാര്‍ട്ടി പൊട്ടിത്തെറിക്കുമെന്ന് ഇപ്പോള്‍ ഉറപ്പായിക്കഴിഞ്ഞു. വലിയൊരു പിളര്‍പ്പിന്റെ വക്കിലാണ് ആപ്പ്. ഇപ്പോള്‍ കേജ്‌രിവാളിന്റെ വിശ്വസനീയതയും ജനപിന്തുണയൂം ഏറെ നഷ്ടപ്പെട്ടുകഴിഞ്ഞു. ഏറെ താന്തോന്നിയും അഴിമതിക്കാരനും,യാതൊരു രാഷ്‌ട്രീയ സദാചാരവുമില്ലാത്ത സ്വാര്‍ത്ഥിയുമാണ് കേജ്‌രിവാള്‍ എന്ന് തെളിഞ്ഞുകഴിഞ്ഞു. ആരുടെയും വിശ്വാസം നേടാന്‍ ഇയാള്‍ക്ക് കഴിയില്ലെന്ന് വ്യക്തമായതിനൊപ്പം, അഭിപ്രായസ്ഥിരതയും ഭരണകൗശലവും കൂടി ഇല്ലാത്ത വ്യക്തി എന്ന പ്രതിഛായയും ഇയാള്‍ക്ക് കിട്ടിക്കഴിഞ്ഞു.
നേരത്തെ ഒപ്പമുണ്ടായിരുന്ന കുമാര്‍ ബിശ്വാസ്, കപില്‍ മിശ്ര, അല്‍ക ലാംബ എന്നിവരെല്ലാം ഇപ്പോള്‍ ഇയാള്‍ക്ക് എതിരായി. അണ്ണാ ഹസാരെ, ദല്‍ഹിയിലെ പരാജയം അധികാരതിമിരം ബാധിച്ച് ജനങ്ങളോട് വിശ്വാസവഞ്ചന കാണിച്ചതിന് കിട്ടിയ തിരിച്ചടിയായി വ്യാഖ്യാനിച്ചു. നേരത്തെ ആപ്പ് വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കി, സ്വരാജ്പാര്‍ട്ടി ടിക്കറ്റില്‍ മത്‌സരിച്ച യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും അരവിന്ദ് കേജ്‌രിവാള്‍ ആം ആദ്മി പാര്‍ട്ടിയെ കേവലം ഒരു വ്യക്തിയുടെ പോക്കറ്റ് പാര്‍ട്ടിയാക്കിയെന്ന് ആരോപിക്കുന്നു.
ഇവര്‍ക്ക് ആറ് ശതമാനം വോട്ട് കിട്ടിയത് ആപ്പിന്റെ വോട്ട് ശതമാനത്തില്‍ വിള്ളല്‍ വരുത്തിയാണെന്ന് തോന്നുന്നു. ബീഹാറില്‍ നിതീഷ്‌കുമാറാകട്ടെ ലാലുപ്രസാദിന്റെ പാര്‍ട്ടിയുടെ അഴിമതിയും ആ കുടുംബത്തിന്റെ അധികാരമോഹവും സഹിക്കാനാവാതെ ബിജെപിയുടെ സഹായം തേടാനുള്ള പങ്കപ്പാടിലാണ്. പക്ഷെ, ഈ നീക്കം, ബിജെപി സ്വാഗതം ചെയ്തിട്ടില്ല എന്നുമാത്രം.
ഉത്തര്‍പ്രദേശില്‍, യോഗി ആദിത്യനാഥിന്റെ വിജയം, ബിജെപിയുടെ ആത്മവിശ്വാസം ഏറെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഒന്നരമാസംകൊണ്ട് അത്ഭുതകരമായ പരിവര്‍ത്തനവും കാര്യക്ഷമതയുമാണ് യോഗി കാഴ്ചവച്ചത്. ഏറ്റവും വലിയ മാറ്റം നിയമവാഴ്ചയിലാണ്. ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഭയക്കാതെ രാത്രിയിലും സംസ്ഥാനത്ത് എവിടെയും സുരക്ഷയോടെ യാത്രചെയ്യാനും തൊഴില്‍ ചെയ്യാനുമുള്ള സാഹചര്യം ഏറെ നാളുകള്‍ക്കുശേഷം സംജാതമായി. അഴിമതി പൂര്‍ണമായും അപ്രത്യക്ഷമായി. ഒപ്പം, വൈദ്യുതി വിതരണത്തിലുണ്ടായിരുന്ന വലിയ വീഴ്ച ഇല്ലാതായി. കശാപ്പുശാലകളുടെ നവീകരണവും നിയന്ത്രണങ്ങളും ജനങ്ങള്‍ക്ക് വലിയ ആശ്വാസമായി.
ഏതുസമയത്തും ആര്‍ക്കും മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കാനാവും എന്നത് യോഗി ഭരണത്തിന്റെ പ്രത്യേകതയാണ്. ഒട്ടും വിശ്രമം വേണ്ടാത്ത പ്രാകൃതമാണ് യോഗിയുേടത്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹത്തെ ഭയമാണ്. ജനങ്ങളുടെ പരാതികള്‍ക്ക് നേരെ കണ്ണടക്കാന്‍ ഇനി അവര്‍ക്ക് പറ്റില്ല.
ഇതുപോലെ വലിയ വ്യത്യാസം ജനജീവിതത്തില്‍ വരുത്തിയ മറ്റൊരു ഭരണമാറ്റമാണ് മണിപ്പൂരും കണ്ടത്. ഇവിടെ ഏറെനാളായി നാഗാ വിമതര്‍ ഏര്‍പ്പെടുത്തിയ ഉപരോധം ജനജീവിതം അസഹ്യമാക്കിയിരുന്നു. സാധനങ്ങള്‍ക്ക് തീവില. അവശ്യവസ്തുക്കളുടെ ലഭ്യതതന്നെ ഇല്ലാതായി. ഗതാഗതവും ചരക്ക് വിതരണവും താറുമാറായിരുന്നത്, ബിജെപി ഭരണംവന്ന് ഏതാനും ദിവസങ്ങള്‍ക്കകം സാധാരണഗതിയിലായി. ഉപരോധം പിന്‍വലിപ്പിച്ച് സന്ധിയുണ്ടാക്കാനും പുതിയ സര്‍ക്കാരിന് കഴിഞ്ഞു. ഇതോടെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമായി.
നരേന്ദ്ര മോദി മൂന്നാം പിറന്നാള്‍- അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ- ആഘോഷിക്കുമ്പോള്‍ എതിരായി പറയാന്‍ ആര്‍ക്കും ഒന്നുമില്ല. രാഷ്‌ട്രീയമായി, ബിജെപിയെ പുത്തന്‍ മേഖലകളിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇതുവരെ ബിജെപി ജയിച്ചിട്ടില്ലാത്ത, കയറിച്ചെല്ലാനാവില്ലെന്ന് കരുതിയ പ്രദേശങ്ങളിലെല്ലാം ബിജെപി വലിയ ശക്തിയായി. ബംഗാളിലും ത്രിപുരയിലും പോലും അടുത്ത ഭരണം ബിജെപിയുടേതാകുമെന്ന വിശ്വാസം വളര്‍ന്നുകഴിഞ്ഞു.
ഇത് പൂര്‍വ്വോത്തര സംസ്ഥാനങ്ങളുടെ കാര്യത്തിലും ശരിയാണ്. മിസോറാമില്‍ ഒരു ലക്ഷം അംഗത്വം ബിജെപിക്ക് നേടാനായി. മേഘാലയത്തിലും അടുത്ത സര്‍ക്കാര്‍ ബിജെപിയുടേതാകുമെന്ന് കണക്കുകൂട്ടലുകളുണ്ട്. ഇനി ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചലിലും ഗുജറാത്തിലും ബിജെപി വിജയം കൊയ്യുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.
ഇതിനിടക്ക് പാര്‍ട്ടിയിലും കേന്ദ്രസര്‍ക്കാരിലും വലിയ അഴിച്ചുപണികളുണ്ടാകുമെന്ന സൂചന പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നല്‍കിക്കഴിഞ്ഞു. ഇപ്പോഴുള്ള പല തസ്തികകളിലും മാറ്റവും പരിവര്‍ത്തനവും അഴിച്ചുപണികളും സമഗ്രമായ പുനര്‍രചനയും പ്രതീക്ഷിക്കാമെന്ന് അമിത് ഷാ ദല്‍ഹി തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനിടക്ക് സൂചിപ്പിച്ചു.
കഴിഞ്ഞതവണ മത്‌സരിച്ച എല്ലാവരെയും മാറ്റി പുതിയ സ്ഥാനാര്‍ത്ഥികളെ ഇറക്കിയതാണ് ദല്‍ഹി വിജയത്തിനുള്ള കാരണമെന്ന് എല്ലാവരും സമ്മതിക്കും. ഒപ്പം നേതൃത്വത്തില്‍, ദല്‍ഹിയുടെ മാറിയ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നേതൃതല പരിവര്‍ത്തനങ്ങള്‍ വരുത്തി. മനോജ് തിവാരിയെ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനാക്കിയതുതന്നെ ഈ കണക്കുകൂട്ടലുകളുടെ ഭാഗമായാണ്.
ഇതോടെ ബിജെപിയിലേക്ക് ബീഹാര്‍, പൂര്‍വ്വ ഉത്തര്‍പ്രദേശ്, ദക്ഷിണഭാരതം എന്നിവിടങ്ങളില്‍നിന്ന് കുടിയേറിയ വലിയ ജനവിഭാഗത്തെ ആകര്‍ഷിക്കാന്‍ സാധിച്ചു. പാര്‍ട്ടിയുടെ ദല്‍ഹി വിജയത്തിന് പിന്നില്‍ ഈ തന്ത്രപരമായ നീക്കങ്ങളും ഏറെ സഹായിച്ചു.
പുതിയ രാഷ്‌ട്രപതി ആരാകും, ഇവിടെയും നരേന്ദ്ര മോദി വലിയ പരീക്ഷണങ്ങള്‍ നടത്തുമോ എന്ന ചര്‍ച്ച ഇപ്പോള്‍ തലസ്ഥാനത്ത് എവിടെയും കേള്‍ക്കാം. ഒപ്പം ഒന്നിച്ച് ബിജെപിക്കെതിരെ ഒരു സ്ഥാനാര്‍ത്ഥിയെ തിരയുകയാണ് പ്രതിപക്ഷം. ഫറൂക്ക് അബ്ദുള്ളയാണത്രെ അവരുടെ ഏറ്റവും പുതിയ തുറുപ്പുചീട്ട്.
ഒപ്പം, ഇപ്പോഴത്തെ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയെ ഒരുതവണകൂടി മത്‌സരിപ്പിക്കാനുള്ള ശ്രമവും കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. പ്രണബിനെതന്നെ ബിജെപിയും സ്വീകരിച്ചാല്‍ മത്‌സരം ഒഴിവാക്കാമെന്ന സന്ദേശവും ഇതിനകം കോണ്‍ഗ്രസ് പരസ്യപ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ ഇതിന് ബിജെപി തയ്യാറാകാന്‍ സാധ്യതയില്ല. ടിആര്‍എസ് ഇപ്പോള്‍തന്നെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.
തമിഴ്‌നാട്ടില്‍നിന്ന് ഭരണകക്ഷിയുടെ പിന്തുണയും ബിജെപിക്ക് ലഭിക്കും. ഇതെല്ലാമാകുമ്പോള്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ അനായാസം വിജയിപ്പിക്കാന്‍ ബിജെപിക്ക് സഖ്യത്തിന് കഴിയും. എന്‍ഡിഎ ഒറ്റക്കെട്ടായി, ഏതെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിയെയാകും രാഷ്‌ട്രപതിസ്ഥാനത്തേക്ക് മുന്നോട്ടുവയ്‌ക്കുക എന്ന കാര്യം ഉറപ്പായി. ഇതിനിടെ ചില മുതിര്‍ന്ന മന്ത്രിമാര്‍, രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി പദങ്ങളില്‍ താല്‍പര്യം പ്രകടിപ്പിച്ചതായി സൂചനയുണ്ട്.
ഏതായാലും എന്‍ഡിഎക്ക് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജയിപ്പിക്കാനാവശ്യമായ പിന്തുണ ഇപ്പോഴുണ്ട്. ആ നിലയ്‌ക്ക്, പ്രധാനമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമെടുക്കുന്ന തീരുമാനം അന്തിമമാകും. ബിജെപിക്കുള്ളില്‍നിന്നും മുതിര്‍ന്ന നേതാക്കള്‍തന്നെയാകും ആദ്യമായി ഈ പദങ്ങളിലേക്ക് എത്തുക എന്ന കാര്യത്തിലും ആര്‍ക്കും സംശയമില്ല. ഇതും മോദി സര്‍ക്കാരിന്റെ മൂന്നാം വര്‍ഷം തികയുമ്പോഴുള്ള വലിയ നേട്ടമായിത്തീരുമെന്നതിനു തര്‍ക്കമില്ല.
















