ന്യൂദല്‍ഹി: തന്റെ ഭാര്യയെ ഇന്ത്യന്‍ ഹൈക്കീഷന്‍ ഓഫീസില്‍ വച്ച് കാണാതായെന്നും സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്നും പറഞ്ഞ് രംഗത്ത് വന്ന പാക്ക് യുവാവിന്റെ ആരോപണങ്ങള്‍ ഇന്ത്യന്‍ അധികൃതര്‍ തള്ളി. യുവതി ഇന്ത്യന്‍ അധികൃതരുടെ പക്കല്‍ അഭയം തേടിയെത്തുകയായിരുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ ഹൈക്കമ്മീഷനിലെത്തിയ ഭാര്യയെ ഉസ്മയെ കാണാനില്ലെന്ന പരാതിയുമായി താഹിര്‍ അലി എന്ന പാക് യുവാവാണ് രംഗത്തെത്തിയത്. കഴിഞ്ഞദിവസം, തനിക്ക് വേണ്ടിയുള്ള ഇന്ത്യന്‍ വിസയ്ക്ക് അപേക്ഷിക്കാനായി ഹൈക്കമ്മിഷനിലെത്തിയ ഉസ്മയെ കാണാതായെന്നാണ് ഇയാളുടെ ആരോപണം. എന്നാല്‍ പാക്
യുവാവ് പറയുന്നത് വാസ്തവിരുദ്ധമായ കാര്യമാണെന്നും ഇയാളുടെ ഭാര്യ സഹായം തേടി ഇന്ത്യന്‍ എംബസിയെ സമീപിക്കുകയായിരുന്നുവെന്നും യുവതി ഇപ്പോള്‍ കോണ്‍സുലേറ്റിന്റെ സംരക്ഷണത്തിലാണെന്നും ഇന്ത്യന്‍ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാക് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. സഹീറിന്റെ പരാതിയെ തുടര്‍ന്ന് പാക്കിസ്ഥാന് നയതന്ത്രതലത്തില്‍ വിഷയം കൊണ്ടുവന്നിരുന്നു.
എട്ടു മാസം മുന്‍പ് മലേഷ്യയില്‍വച്ചാണ് താഹിറും ഉസ്മയും കണ്ടുമുട്ടുന്നത്. ഈമാസം ആദ്യം ഇരുവരും വിവാഹിതരായി. മേയ് ഒന്നിന് വാഗാ അതിര്‍ത്തിയിലൂടെയാണ് ഉസ്മ പാക്കിസ്ഥാനിലെത്തിയത്. മൂന്നാം തിയതി ഇരുവരും പാക്കിസ്ഥാനില്‍ വിവാഹിതരാകുകയായിരുന്നു. അടുത്തദിവസം ഭാര്യയുടെ ന്യൂദല്‍ഹിയിലെ സഹോദരനെ കാണാന്‍ തനിക്ക് ഇന്ത്യന്‍ വിസയ്ക്ക് അപേക്ഷിക്കാനായിരുന്നു ഇരുവരും ഹൈക്കമ്മിഷനിലെത്തിയതെന്നാണ് പാക് യുവാവ് പറഞ്ഞത്.
ഹൈക്കമ്മിഷനിലെത്തിയ ഇരുവരുടെയും ഫോണുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാങ്ങിവച്ചു. വിസ അപേക്ഷ നല്കിയ ശേഷം ഉസ്മയെ മാത്രം ഉള്ളിലേക്ക് വിളിപ്പിച്ചു. പിന്നീട് യുവതി തിരിച്ചുവന്നില്ലെന്നാണ് യുവാവ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: