ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിപീഠം നിലനില്‍ക്കുന്ന ശിവഗിരിയില്‍ സ്ഥാപിതമായ മഹാസമാധി മന്ദിരത്തിന്റെ കനകജൂബിലി ഇന്ത്യക്കകത്തും പുറത്തുമായി ആേഘാഷിക്കുകയാണ്. ഗുരുഭക്തരെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും മഹിതമായ ആഘോഷങ്ങളില്‍ ഒന്നാണ് മഹാസമാധി മന്ദിര ഗുരുദേവ പ്രതിഷ്ഠ കനകജൂബിലി ആേഘാഷം. മഹാഗുരുവിന്റെ മാര്‍ബിള്‍ വിഗ്രഹം മഹാസമാധി പീഠത്തില്‍ പ്രതിഷ്ഠാപിതമായത് 1968 ജനുവരി ഒന്നിനാണ്.
ബഹുഭൂരിപക്ഷം ജനതയും മഹാഗുരുവിനെ വഴിയും വഴികാട്ടിയുമായ പരമഗുരുവും പരമദൈവവുമായിട്ടാണ് സമാരാധന ചെയ്യുന്നത്. അവര്‍ ഗുരുവിന്റെ പേരില്‍ മഠങ്ങളും ഗുരുമന്ദിരങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവിടെ ഗുരുവിനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്നു. ഈ സമ്പ്രദായം ഗുരുദേവന് സശരീരനായിരുന്ന കാലം മുതല്ക്കേ ആരംഭിച്ചതാണ്. 1927 മാര്‍ച്ച് 13ന് തലശ്ശേരി ജഗന്നാഥ ക്ഷേത്രാങ്കണത്തില്‍ ഗുരുദേവന്റെ ആദ്യ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠാപിതമായി. തവറലി എന്ന ഇറ്റാലിയന്‍ ശില്പി ഇറ്റലിയില്‍ നിര്‍മ്മിച്ച ഈ വിഗ്രഹം കേരളത്തിലേക്ക് കൊണ്ടുവരവേ സിലോണില്‍ ഗുരുദേവന് കണ്ട് ‘ഇതു കൊള്ളാം! ആഹാരമില്ലാതെ ജീവിച്ചുകൊള്ളു’മെന്നാണ് ഗുരുദേവന് അപ്പോള്‍ അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് ഭാരതത്തിലെ നാനാഭാഗങ്ങളിലായി ഗുരുപ്രതിഷ്ഠയോടുകൂടിയ ആയിരക്കണക്കിന് ഗുരുമന്ദിരങ്ങളാണ് ഉയര്‍ന്നുവന്നത്.
ഗുരുമന്ദിരങ്ങള് സ്ഥാപിച്ച് ഗുരുവിന്റെ വിഗ്രഹം പ്രതിഷ്ഠിക്കണമെന്ന ആശയം ഗുരുവിന്റെ അനന്തരഗാമിയായ ബോധാനന്ദ സ്വാമികളുടേതായിരുന്നു. ഒരുകാലത്ത് വിഗ്രഹഭഞ്ജകനായിരുന്ന ബോധാനന്ദസ്വാമികള്‍ ഗുരുവിന് ശിഷ്യപ്പെട്ട് തലശ്ശേരി ജഗന്നാഥ ക്ഷേത്രാങ്കണത്തില്‍ മൂര്‍ക്കോത്ത് കുമാരനിലൂടെ ഈ ആശയം സഫലീകൃതമാക്കി. എം.പി. മൂത്തേടത്ത് ഗുരുപാദദക്ഷിണയായി നിര്‍മ്മിച്ച് സമര്‍പ്പണം ചെയ്ത മഹാസമാധി മന്ദിരത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയാണ് പ്രതിഷ്ഠിക്കേണ്ടത് എന്നഭിപ്രായപ്പെട്ടത് യുക്തിവാദിയും സ്വതന്ത്രചിന്തകനുമായിരുന്ന സഹോദരന് അയ്യപ്പനാണ് എന്നത് ആശ്ചര്യകരമായിരിക്കുന്നു. പ്രതിമാ പ്രതിഷ്ഠാനന്തരം വിവേകോദയത്തില്‍ സഹോദരന് എഴുതി: ”ദൈവമെന്നത് മഹത്തായൊരു സങ്കല്പമാണ്. ശ്രീനാരായണനെ ദൈവമായി കാണുന്നതും അത്തരമൊരു സങ്കല്പമാണ്.”
ശിവഗിരി മഹാസമാധി മന്ദിരത്തിലെ പ്രതിമയുടെ ശില്പി കാശിയിലെ പശുപതിനാഥ മുഖര്‍ജിയാണ്. ഗുരുപ്രതിമ നിര്‍മ്മിക്കാനുള്ള കരാറിലൊപ്പിട്ട് നിര്‍മ്മാണമാരംഭിച്ചതിനുശേഷം അദ്ദേഹത്തിന് പത്മശ്രീലഭിച്ചു എന്നതും ആശ്ചര്യകരമത്രേ. ഗുരുദേവ വിഗ്രഹനിര്‍മാണത്തെക്കുറിച്ച് അദ്ദേഹത്തിനുണ്ടായ അനുഭവം വാഗാതീതമാണ്. ഗുരുപ്രതിമയുടെ മോഡല്‍ നിര്‍മ്മിക്കാന്‍ പ്രൊഫ. മുഖര്‍ജി 1964 ല്‍ മൂന്നുനാലു കൊല്ലം മുന്‍പേ ശ്രമം തുടങ്ങി. അന്ന് അതു ഫലിച്ചില്ല. പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തുനിന്ന് ഒരു മോഡല്‍ ഉണ്ടാക്കിച്ച് ബനാറസിലേക്കയച്ചുകൊടുത്തു. മുഖര്‍ജി വീണ്ടും ശ്രമം തുടര്‍ന്നു. എന്നാല്‍ അദ്ദേഹം തന്റെ നിര്‍മ്മാണരംഗത്ത് ആദ്യമായി പരാജയപ്പെട്ടു നിരാശനായി. 1965 ഡിസംബറില്‍ ധര്‍മ്മസംഘം പ്രസിഡന്റ് ശ്രീനാരായണ തീര്‍ത്ഥര്‍ സ്വാമികള്‍ മോഡല്‍ പരിശോധിക്കുന്നതിനുവേണ്ടി രണ്ടാം പ്രാവശ്യവും വാരാണസിയിലെത്തി.
സ്വാമിയുടെ സാന്നിധ്യത്തില്‍ മുഖര്‍ജി മൂന്നുനാലു ദിവസം ശ്രമിച്ചിട്ടും മോഡലിന് ആനുരൂപ്യം ലഭിച്ചില്ല. തീര്‍ത്ഥര്‍ സ്വാമികളും നിരാശനായി. അവസാനമായി ഒന്നുകൂടി ശ്രമിച്ചുനോക്കാമെന്ന് മുഖര്‍ജി പറഞ്ഞു. പിറ്റേന്ന് രാവിലെ 10 മണിക്ക് തീര്‍ത്ഥര്‍ സ്വാമികള്‍ കാണുന്നത് ഗുരുവിന്റെ ശരിയായ മോഡലാണ്. മുഖര്‍ജി ഭക്തിപാരവശ്യത്തോടെ പറഞ്ഞു: ”ഞാന്‍ വളരെയധികം പ്രതിമകള്‍ നിര്‍മ്മിച്ച് അസൂയാര്‍ഹമായ വിജയം കൈവരിച്ചിട്ടുണ്ട്. എന്നാല്‍ ഗുരുവിന്റെ കാര്യത്തില്‍ ഞാന്‍ പരാജയപ്പെട്ടു. അവസാനം ഞാന്‍ ഇന്നലെ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
രാത്രി ഞാന്‍ ഗുരുവിനെ സ്വപ്നം കണ്ടു. അവിടന്ന് എന്നെ തലോടി മന്ദഹാസം പൊഴിച്ചു. വ്യക്തമായി തെളിഞ്ഞ് എന്റെ മുന്പില് നിന്നു. എന്തൊക്കെയോ എന്നോടു സംസാരിച്ചു. ഉടനെ ആ ചുണ്ടും കണ്ണും തിരുനെറ്റിയുമൊക്കെ ഞാന്‍ സൂക്ഷ്മമായി നോക്കിക്കണ്ടു. ഭക്തിപൂര്‍വ്വം ഞാന്‍ നമസ്കരിച്ചു. ഉടനെ അവിടുന്ന് മറഞ്ഞു. ഞാന്‍ ചാടി എണീറ്റ് രാത്രി രണ്ട് മണി കഴിഞ്ഞിരുന്നു. സ്വപ്നത്തില്‍ കണ്ട രൂപം ഞാന്‍ മോഡലില്‍ പകര്‍ത്തി. അത്ഭുതമെന്നു പറയട്ടെ. ഭാവനയ്ക്കൊത്ത രൂപം നിഷ്പ്രയാസം ശരിയാക്കുവാന്‍ എനിക്കു സാധിച്ചു.’ ഭക്തിനിര്‍ഭരമായി മുഖര്‍ജി ഇതു പറയുമ്പോള്‍ പരമാനന്ദത്തിന്റെ കണ്ണീര്‍ത്തുള്ളികള്‍ അദ്ദേഹം പൊഴിക്കുന്നുണ്ടായിരുന്നു. ഇന്നു മഹാസമാധി മന്ദിരത്തില്‍ കാണുന്ന ഭഗവാന്റെ പ്രശാന്തഗംഭീര നിജസ്വരൂപമാര്‍ന്ന തിരുരൂപം ഉരുവായത് ഇപ്രകാരമെന്നത് അത്യാശ്ചര്യത്തോടെ മാത്രമേ സ്മരിക്കാനാകൂ.
‘ഇത് നമ്മുടെ സ്വര്‍ഗ്ഗം’എന്ന് ഗുരു വിശേഷിപ്പിച്ച ശിവഗിരി ശിഖരാഗ്രത്തിലാണ് മഹാസമാധി പീഠം ഒരുക്കിയത്. അവിടെ മഹാസമാധി മന്ദിര നിര്‍മ്മാണം ആരംഭിക്കുവാന്‍ കാലതാമസം നേരിട്ടു. 1953 ല്‍ മൂത്തേടത്തിന്റെ സമര്‍പ്പണബോധത്തില്‍ ഒന്നാംനിലയുടെ പണി ആരംഭിച്ചു. അതു പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ മുഴുവന്‍ നിര്‍മ്മാണച്ചുമതലയും അദ്ദേഹമേറ്റെടുത്തു. അതിന് അദ്ദേഹത്തിന് പ്രേരണാശക്തിയായി നിന്നത് ഗീതാനന്ദസ്വാമികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: