ന്യൂദല്‍ഹി: കുട്ടികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ‘ബ്ലൂ വെയിൽ ഗെയിം’ എന്ന ഓൺലൈൻ ഗെയിം മാതാപിതാക്കൾക്ക് തലവേദനയാകുന്നു. ഓൺലൈനിൽ കുട്ടികളെയും, കൗമാരക്കാരെയും സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഗെയിം ഒടുവിൽ ഇവരെ ആത്മഹത്യ ചെയ്യിക്കുകയാണ് ചെയ്യുന്നത്.
50 ദിവസം കൊണ്ട് ഗെയിമിൽ പറയുന്ന 50 ചലഞ്ചുകൾ ചെയ്യണം. ഹൊറർ സിനിമ കാണുന്നത് മുതൽ സ്വന്തം ത്വക്കിൽ മുറിവുണ്ടാക്കി ചിത്രങ്ങൾ വരയ്‌ക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചെയ്യിപ്പിക്കുന്ന ഗെയിം ഒടുവിലെത്തുന്നത് ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടാണ്. റഷ്യയിൽ ഈ ഗെയിമുമായി ബന്ധപ്പെട്ട് നൂറോളം പേർ ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ട്. ഓരോ ചലഞ്ചും ചെയ്തു കഴിഞ്ഞാൽ അതിന്റെ തെളിവായി ഫോട്ടോ അയച്ചു കൊടുക്കണം. അല്ലാത്ത പക്ഷം ഭീഷണികൾ വന്നു കൊണ്ടിരിക്കും.
ഒരിക്കൽ ഡൗൺലോഡ് ചെയ്ത ഗെയിം പിന്നീട് ഡിലീറ്റ് ചെയ്ത് കളയാമെന്നു വെച്ചാലും നടക്കില്ല. ഡൗൺലോഡ് ചെയ്ത ഉടൻ ഇത് മൊബൈൽ ഫോൺ ഹാക്ക് ചെയ്യുന്നു. പിന്നീട് ഫോണിലുള്ള എല്ലാ വിവരങ്ങളും കരസ്ഥമാക്കുകയും ചെയ്യും. ഈ ഗെയിമിനെ കുറിച്ച് യു.കെയിലെ സ്‌കൂളുകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുബായും ഇപ്പോൾ ഈ ഗെയിമിന്റെ ഭീതിയിലാണ്. കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കുവാൻ മാതാപിതാക്കൾക്കും, അധ്യാപകർക്കും നിർദ്ദേശം നൽകിക്കൊണ്ടുള്ള സന്ദേശങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: