തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച സര്‍വകക്ഷിയോഗം പ്രഹസനം. വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനായിരിക്കും മുന്‍ഗണനയെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മന്ത്രി എം.എം. മണി യോഗത്തിനെത്താത്തത് ചര്‍ച്ചയായി.
1977നു മുന്‍പ് കുടിയേറിയവര്‍ക്ക് മുഴുവന്‍ പട്ടയം നല്കാന് രണ്ടു വര്‍ഷം വേണ്ടിവരുമെന്നും വ്യക്തമാക്കി. ഒഴിപ്പിക്കലിനുള്ള കര്‍മ പദ്ധതി രൂപീകരിക്കല്‍, മിച്ചഭൂമി കണക്കാക്കല്‍, എത്ര പട്ടയങ്ങള്‍ വിതരണം ചെയ്യാനുണ്ട് എന്നീ കാര്യങ്ങളില്‍ മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല.
ലഭ്യമായ വിവരങ്ങള്‍ വച്ച് ഈ മാസം 21ന് പട്ടയ വിതരണം നടത്തും, മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ പങ്കെടുത്തവര്‍ കൈയേറ്റം ഒഴിപ്പിക്കലിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.
ഇടുക്കിയിലെ പരിസ്ഥിതി സംരക്ഷിക്കുന്ന വിധത്തില്‍ മാത്രമേ ഭാവിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കൂ. ഇതിനായി പ്രത്യേക നിയമ നിര്‍മാണം വേണ്ടി വരും. നിയമം ലംഘിച്ച് തോട്ടഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്ന ഉടമകള്‍ക്കെതിരെ നടപടിയുണ്ടാകും.
തോട്ടം തൊഴിലാളികള്‍ക്ക് താമസയോഗ്യമായ വീട് നിര്‍മിച്ചുനല്‍കും.
സര്‍ക്കാര്‍ ഭൂമി ബോധപൂര്‍വം കൈയേറി കൈവശം വച്ച് വാണിജ്യാവശ്യത്തിന് കെട്ടിടം പണിതവര്‍, വ്യാജ പട്ടയം നേടിയവര്‍, ലഭിച്ച പട്ടയം നിശ്ചിതസമയം കഴിയും മുന്‍പ് വാണിജ്യാവശ്യങ്ങള്‍ക്ക് കൈമാറിയവര്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: