ഇടുക്കി: ചിന്നക്കനാലില്‍ വനവാസികള്‍ക്ക് അനുവദിച്ച ഭൂമി കൈയേറ്റക്കാരുടെ പക്കല്‍. ചിന്നക്കനാല്‍ വില്ലേജില്‍ സര്‍വെ നമ്പര്‍ 11/1ല്‍ പെട്ട 27, 31, 32, 33, 35, 39, 40, 41, 42, 43, 44, 45, 46 എന്നീ 13 പ്ലോട്ടുകള്‍ വെള്ളൂക്കുന്നേല്‍ കുടുംബക്കാരുടെ പക്കലാണുള്ളത്. ഈ സ്ഥലത്ത് ഷെഡ്ഡ് നിര്‍മ്മിച്ച് വസ്തു മുള്ളുവേലിയിട്ട് വളഞ്ഞ് വച്ചിട്ട് വര്‍ഷങ്ങളായി.
ഈ സര്‍വെ നമ്പറില്‍ 48 പ്ലോട്ടുകളാണ് വനവാസി പുനരധിവാസ പദ്ധതി പ്രകാരം വിതരണം ചെയ്തത്. ഈ ഭൂമിയിലാണ് 13 പ്ലോട്ടുകള്‍ കൈയേറിയത്. റീ സര്‍വെ നമ്പര്‍ 99 പ്രകാരം ചിന്നക്കനാല്‍ വിലങ്ങ് ഭാഗത്ത് 12 പ്ലോട്ടുകള്‍ വനവാസികള്‍ക്ക് നല്കാന് നടപടി പൂര്‍ത്തിയാക്കിയെങ്കിലും ഭൂമി ഇപ്പോഴും കൈയേറ്റക്കാരുടെ പക്കല്‍. എറണാകുളം സ്വദേശികളായ ബാബുരാജ്, അനില്‍ ജേക്കബ്, റോജി മാത്യു, ചക്കോളാസ് എന്നിവരാണ് വസ്തു കൈയേറിയത്. അതിരുകള്‍ തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയിലാണ്. സര്‍വെ വിഭാഗത്തില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി സര്‍വെ നടത്തി വസ്തു വീണ്ടെടുക്കണമെന്ന് വില്ലേജ് ഓഫീസര്‍ അപേക്ഷ നല്‍കിയിട്ടും നടപടിയില്ല.
സര്‍വെ നമ്പര്‍ 82/1ലെ കൈയേറ്റത്തിന് വെള്ളൂക്കുന്നേല്‍ ബോബി സക്കറിയയ്ക്കെതിരെ റവന്യൂ വകുപ്പ് കേസെടുത്തു. റീ സര്‍വെ 82/1ലെ കൈയേറ്റത്തിനും സര്‍ക്കാര്‍ ഭൂമിയില്‍ക്കൂടി അനധികൃതമായി റോഡ് വെട്ടിയതിനും സിപിഎം നേതാവ് വി.എക്സ്. ആല്‍ബിക്കെതിരെ കേസുണ്ട്. ഇയാള്‍ വീട് വച്ചിരിക്കുന്ന വസ്തുവിന് ചുറ്റുമുള്ള നാലേക്കര്‍ പ്രദേശവും കൈയേറ്റമെന്നാണ് റിപ്പോര്‍ട്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വനവാസികള്‍ താമസിക്കാന്‍ മാര്‍ഗമില്ലാതെ അലയുമ്പോഴാണ് സര്‍ക്കാരിന്റെ തണലില്‍ കൈയേറ്റക്കാര്‍ വനവാസികള്‍ക്ക് സര്‍ക്കാര്‍ നല്കിയ ഭൂമിയും തട്ടിയെടുത്തത്. പട്ടിക വിഭാഗക്കാരുടെ ഭൂമി കൈവശപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം നടത്താന്‍ പോലും അധികാരികള്‍ തയാറാകുന്നില്ല.
കൈയേറ്റ ഭൂമിയില്‍ പള്ളി
ചിന്നക്കനാല്‍: ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് 20 സെന്റ് സര്‍ക്കാര്‍ ഭൂമി കൈയേറി പള്ളി നിര്‍മ്മിച്ചതായി റവന്യൂ രേഖ. സിങ്കുകണ്ടം സെന്റ്മേരീസ് പള്ളിയാണ് ഭൂമി കൈയേറി നിര്‍മ്മിച്ചത്. സംഭവം റവന്യൂ അധികൃതര്‍ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. കൈയേറ്റങ്ങള്‍ വാര്‍ത്തയായതോടെ 2017 മാര്‍ച്ച് 10ന് ചിന്നക്കനാല്‍ വില്ലേജില്‍ നിന്നു പള്ളി വികാരിക്ക് മെമ്മോ നല്കി. എന്നാല്‍, ഇതുവരെ തുടര്‍നടപടികളുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: