ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ആദ്യശിവേലി എഴുന്നെള്ളിപ്പ് നടക്കും. ഭഗവദ് തിടമ്പ് ഉറപ്പിച്ച കോലവുമായി തിരുവമ്പാടി ചന്ദ്രശേഖരന് മൂന്നു ഗജവീരന്മാരുടെ അകമ്പടിയോടെ ആദ്യ മൂന്ന് പ്രദക്ഷിണവും കഴിഞ്ഞ് കിഴക്കേനടപ്പുരയിലെത്തുന്നതോടെ പതിനേഴ് ഗജവീരന്മാരുടെ അകമ്പടിയോടെ കൂടല്‍മാണിക്യസ്വാമിയുടെ ആദ്യ ശിവേലി എഴുന്നെള്ളിപ്പ് ആരംഭിക്കുന്നു. പ്രഗത്ഭവാദ്യകലാകാരന് കലാനിലയം ഉദയന്‍നമ്പൂതിരി മേളപ്രമാണിയാകും. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെയും മട്ടന്നൂര്‍ ശിവരാമാശാന്റെയും ശിഷ്യനായി ചെണ്ടയില്‍ കലാസപര്യ ആരംഭിച്ച മട്ടന്നൂര്‍ ഉദയന്‍നമ്പൂതിരി ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ ആറുവര്ഷംകഥകളി ചെണ്ടയില്‍ കോഴ്സ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് കലാനിലയം ഉദയന്‍ നമ്പൂതിരിയായത്. തായമ്പകയില്‍ കേരളത്തിലെ തായമ്പകകലാകാരന്മാരില് ഒന്നാം നിരകലാകാരനായി മാറിയ ഉദയന്‍ മധ്യകേരളത്തിലുടനീളം ശിഷ്യസമ്പത്തുണ്ട്. ശിവേലിക്കുശേഷം കിഴക്കേനടപ്പുരയില്‍ രാജീവ് വെങ്കിടങ്ങിന്റെ ഓട്ടന്തുള്ളല് അരങ്ങേറും. സ്പെഷല്‍ പന്തലില്‍ രണ്ടുമണിമുതല്‍ തിരുവാതിരക്കളി, സംഗീതാര്‍ച്ചന, സംഗീതകച്ചേരി, നൃത്തനൃത്ത്യങ്ങള്‍, സാക്സഫോണ് കച്ചേരി, സിനിമാതാരം സ്വാതിനാരായണ് അവതരിപ്പിക്കുന്ന കുച്ചിപ്പുടി എന്നിവ അരങ്ങേറും. ഒമ്പതരക്ക് കിഴക്കേ നടപ്പുരയില്‍ വിളക്ക് കൂട്ടിയെഴുന്നെള്ളിപ്പിന് പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളം അരങ്ങേറും. തുടര്‍ന്ന് സംഗമേശമാഹാത്മ്യം, നരകാസുരവധം കഥകളി അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: