കൊച്ചി: ദേശീയ ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ചുള്ള റേഷന്‍ വാതില്‍പ്പടി വിതരണം ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നു. ഓരോ കടകള്‍ക്കും നല്‍കുന്ന ഭക്ഷ്യധാന്യത്തിന്റെ തൂക്കത്തില്‍ കുറവ് വരുത്തിയാണ് നിയമലംഘനം. 50 കിലോയുടെ ചാക്കില്‍ രണ്ടുകിലോ മുതല്‍ മൂന്നുകിലോ വരെ ഭക്ഷ്യധാന്യം കുറവാണ്. രണ്ടാംഘട്ടത്തില്‍ വാതില്‍പ്പടി വിതരണം തുടങ്ങിയ തിരുവനന്തപുരം ജില്ലയിലെ റേഷന്‍ വ്യാപാരികളാണ് ഇതുസംബന്ധിച്ച് പരാതിയുമായി രംഗത്തുവന്നത്.
ആദ്യഘട്ടത്തില്‍ വിതരണം തുടങ്ങിയ കൊല്ലം ജില്ലയിലും സമാന പ്രശ്‌നങ്ങളുണ്ടായിരുന്നു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സാധനങ്ങള്‍ തൂക്കി നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, രണ്ടാം ഘട്ടത്തില്‍ വിതരണം തുടങ്ങിയ ആറു ജില്ലകളില്‍ ചിലയിടങ്ങളില്‍ ആദ്യം കുറച്ചുദിവസം മാത്രമാണ് ഭക്ഷ്യധാന്യം തൂക്കി നല്‍കിയത്. പിന്നീട് തൂക്കി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
റേഷന്‍ കടകളില്‍ സര്‍ക്കാര്‍ ചെലവില്‍ നേരിട്ട് സാധനങ്ങളെത്തിക്കുന്നതാണ് വാതില്‍പ്പടി വിതരണം. ഇതിന്റെ നോഡല്‍ ഏജന്‍സിയായി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത് സപ്ലൈകോയെയാണ്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ) ഗോഡൗണില്‍ നിന്ന് സാധനങ്ങള്‍ ഗോഡൗണുകളില്‍ സംഭരിച്ച്, അവിടെ നിന്ന് റേഷന്‍ കടകളിലെത്തിക്കേണ്ട ചുമതല സപ്ലൈകോയ്‌ക്കാണ്. സപ്ലൈകോ ലോറികളില്‍ റേഷന്‍കടകളില്‍ സാധനങ്ങളെത്തിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍, സാധനം തൂക്കാതെയാണ് നല്‍കുന്നത്. ഭക്ഷ്യധാന്യത്തില്‍ കുറവ് വരാന്‍ ഇതിടയാക്കി.
സംസ്ഥാനമൊട്ടാകെ കാര്‍ഡുടമകള്‍ക്ക് പ്രതിമാസം നല്‍കേണ്ട 1.19 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തില്‍ ഓരോ ചാക്കിലുമുണ്ടാകുന്ന കുറവ് വന്‍ അഴിമതിയായാണ് മാറുക. തൂക്കത്തില്‍ കുറവ് വന്നാല്‍ കാര്‍ഡുടമകള്‍ക്ക് മുഴുവന്‍ ഭക്ഷ്യധാന്യങ്ങളും നല്‍കാനാവില്ല. ഈ സാഹചര്യത്തില്‍ റേഷന്‍ കടയുടമകളാണ് നടപടി നേരിടേണ്ടി വരിക.
‘ഗോഡൗണുകള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രദര്‍ശിപ്പിക്കും’
കൊച്ചി: റേഷന്‍ വ്യാപാരികള്‍ക്ക് സാധനങ്ങള്‍ തൂക്കി നല്‍കാത്ത സപ്ലൈകോ ഗോഡൗണുകള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രദര്‍ശിപ്പിക്കുമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എകെആര്‍ആര്‍ഡിഎ)സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. മുഹമ്മദാലി ജന്മഭൂമിയോട് പറഞ്ഞു. സാധനങ്ങള്‍ തൂക്കി നല്‍കണമെന്ന് മുഖ്യമന്ത്രി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പ്രദര്‍ശിപ്പിച്ചിട്ടും തൂക്കി നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സമര പരിപാടികളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















