ആലപ്പുഴ: ജില്ലയിലെ സ്‌ക്കൂളുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന് നല്ല കളിസ്ഥലങ്ങള്‍ ഇല്ലായെന്നതാണ്. ജില്ലാ സ്‌ക്കൂള്‍ കായികമേള നടത്തണമെങ്കില്‍ ചേര്‍ത്തല എസ്എം കോളേജോ, പുന്നപ്ര കാര്‍മ്മല്‍ പോളിടെക്‌നിക്കോ കനിയണം. പരിശീലനത്തിന് പോലും സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ കായികമേഖലയില്‍ പൊതുവെ ജില്ലിയിലെ വിദ്യാര്‍ത്ഥികള്‍ പിന്നിലാണ്. ഒരു നിയോജകമണ്ഡലത്തില്‍ ഒരു സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കാനുള്ള പരിശ്രമം തുടങ്ങി. സുരക്ഷിതമായ കെട്ടിടം, മുഴുവന്‍ ക്ലാസ് റൂമുകളിലും ഇന്റര്‍നെറ്റോടെയുള്ള കമ്പ്യൂട്ടര്‍ സംവിധാനം, പ്രൊജക്ടറുകള്‍, 40 കുട്ടികള്‍ക്ക് ഒരേ സമയം പങ്കെടുക്കാന്‍ സാധിക്കുന്ന ലാബ്, ക്ലാസ് മുറികളില്‍ ഫാന്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങളാണ് ഇത്തരം സ്‌കൂളുകളില്‍ ഒരുക്കുന്നത്. മികവിന്റെ കേന്ദ്രമാകുമ്പോള്‍ നീന്തല്‍ കുളം വരെ വേണമെന്നാണ് നിബന്ധന. എന്നാല്‍ ചെറിയ കളിസ്ഥലം പോലും പലയിടത്തും ഇല്ല. പല സ്‌കൂളുകളിലും വിസ്തൃതമായ സ്ഥലമുണ്ടെങ്കിലും കെട്ടിടങ്ങളുടെ അശാസ്ത്രിയ നിര്‍മ്മാണങ്ങള്‍ മൂലം പല ഇടങ്ങളിലായി സ്ഥലങ്ങള്‍ ചിതറി കിടക്കുന്നു. പഠനത്തോടൊപ്പം കായിക മികവിനും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
















