മന്ത്രരാജാവാണ് നമഃശിവായ എന്ന പഞ്ചാക്ഷരം. സര്‍വ്വ കാമങ്ങള്‍ പ്രദാനം ചെയ്യുന്നതും മുക്തിഭക്തികള് പ്രദാനം ചെയ്യുന്നതുമാണ് ഈ മന്ത്രം. ബ്രഹ്മലോകത്തില്‍ ബ്രഹ്മനന്ദനനായ തണ്ഡി സഹസ്രനാമത്താല്‍ ശ്രീപരമശിവനെ പൂജിച്ചു. ദിവ്യാവതാര പുരുഷന്മാരും ഋഷികളും രാജാക്കന്മാരും എന്നുവേണ്ട സമസ്തരും ശിവഭഗവാനെ ആരാധിച്ച് പൂജിക്കുന്നു.
മഹാവിഷ്ണു വസുദേവ പുത്രനായി അവതരിച്ചപ്പോള്‍ ശിവശങ്കരനെ പൂജിക്കുകയും അദ്ദേഹത്തിന്റെ പ്രീതിക്ക് പാത്രമാകുകയും ചെയ്തു. മഹാദേവപ്രീതിയാല് ശ്രീകൃഷ്ണഭഗവാന് സാംബന് എന്ന പേരോടുകൂടിയ പുത്രന് ജനിച്ചു. ശ്രീരാമചന്ദ്രന് പര്‍വതപ്രാന്തത്തില്‍ വെച്ച് തപസ്സുചെയ്യുകയും വില്ലും ജ്ഞാനവും ശിവനില്‍ നിന്ന് കരസ്ഥമാക്കുകയും ചെയ്തു. സമുദ്രത്തില്‍ ചിറകെട്ടാനും ലങ്കയില്‍ ചെന്ന് രാക്ഷസേന്ദ്രനെ ഹനിച്ച് സീതയെ വീണ്ടെടുക്കുവാനും അദ്ദേഹത്തിന് സാധിച്ചത് മഹാദേവകാരുണ്യത്താലാണ്.
ഇന്ദ്രന്റെ ശാപമേറ്റ ദേവലന്‍ എന്നുപേരുള്ള മുനി വിശ്വാസപൂര്‍വ്വം ലിംഗാര്‍ച്ചന ചെയ്തപ്പോള്‍ കാമങ്ങളെല്ലാം നേടുവാന്‍ പരമശിവന് അനുഗ്രഹിച്ചു. വസിഷ്ഠശാപത്താല്‍ മാനായിത്തീര്ന്ന മനുപുത്രന് ശിവസ്മരണയുടെ ഫലമായി മാന്‍മുഖം നീങ്ങുകയും ശിവഗണമായി തീരാന്‍ സാധിക്കുകയും ചെയ്തു. ഗര്ഗ്ഗമഹര്ഷിക്ക് ആയിരം പുത്രന്മാരെ നല്കി അനുഗ്രഹിച്ചു. പരാശരമുനിയില്‍ സംപ്രീതനായ ഭഗവാന് അദ്ദേഹത്തിന് ജരാമൃത്തുക്കളില്ലാത്ത വേദവ്യാസന് എന്ന പുത്രനെ നല്കി അനുഗ്രഹിച്ചു.
സര്‍വ്വേശ്വരനായ ഭഗവാന് സര്‍വ്വാത്മാവാണ്. ശിവമൂര്‍ത്തി തന്നെയാണ് ബ്രഹ്മാവ്, വിഷ്ണു, രുദ്രന് എന്നീ നാമധേയങ്ങളില്‍ അറിയപ്പെടുന്നത്. സൃഷ്ടികര്‍മ്മങ്ങള്‍ക്കായി ബ്രഹ്മാവിനേയും ലോകപാലനത്തിനായി വിഷ്ണുവിനേയും സൃഷ്ടിച്ച് നിയോഗിച്ചു. സംഹാരത്തിന്റെ കാര്യം ഭഗവാന് രുദ്രന് എന്ന നാമധേയം സ്വീകരിച്ച് സ്വയം നിര്‍വഹിക്കുന്നു. തിന്മകളെയാണ് ശിവന് സംഹാരം ചെയ്യുന്നത്. വേദങ്ങള്‍, ഉപനിഷത്തുക്കള്‍, പുരാണങ്ങള്‍, ധര്‍മ്മശാസ്ത്രം, ധനുര്‍വേദം, ഗാന്ധര്‍വ്വം, അര്‍ത്ഥശാസ്ത്രം, ആയുര്‍വേദം തുടങ്ങിയ വിദ്യകള്‍ക്കും ഗുരുവാണ് ശിവഭഗവാന്. ബ്രഹ്മാദിതൃണപര്യന്തം- ഇവിടെ കാണുന്നതെല്ലാം ശിവമയമാണ്.
സൃഷ്ടിക്ക് മുമ്പും മധ്യത്തിലും അന്ത്യത്തിലും ശിവനുണ്ട്. സര്വ്വശൂന്യതയിലും കാണപ്പെടുന്നത് ശിവനെമാത്രമാണ്. കാലകാലനായ ഭഗവാന് കാലം ഇല്ല. കാളീസമേതനായ മഹാകാലനാണ് ഈശ്വരന്. എല്ലാത്തിനും കാര്യവും കാരണവും മഹേശ്വരനാണ്. ശിവരൂപിയായ മഹാദേവന്റെ ബഹുത്വമാണ് സര്വ്വേത്ര ദര്ശനയോഗ്യമായിട്ടുള്ളത്. ഇതാണ് ശ്രേഷ്ഠമായ ശിവജ്ഞാനം. ശിവേച്ഛമൂലമാണ് എല്ലാം സംഭവിക്കുന്നത്. ജലാദികളില്‍ സൂര്യന് പ്രതിബിംബിക്കുന്നപോലെ ഉള്ളിലുള്ള ശിവചൈതന്യത്തിന്റെ പ്രതിബിബംമാണ് പുറമെ ദൃശ്യമാകുന്നത്. അജ്ഞാനം കൊണ്ട് ഇതാര്‍ക്കും മനസ്സിലാകുന്നില്ല. ഭക്താദിസാധനകള് കൊണ്ടുമാത്രമേ ശിവമഹിമ അറിയുവാന്‍ കഴിയുകയുള്ളൂ. സദാശിവനില്‍ മനസ്സ് ലയിച്ചാല്‍ സര്‍വ്വവ്യാധികളും നീങ്ങും. അനന്യമായ ഭക്തിയോടുകൂടി ഭഗവാനെ ഭജിച്ചാല്‍ മുക്തി സുനിശ്ചിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: