രജൗരി: നിയന്ത്രണരേഖ കടന്നെത്തിയ പന്ത്രണ്ട് വയസ്സുകാരനായ പാക് ബാലനെ ഇന്ത്യന്‍ സൈന്യം അറസ്റ്റ് ചെയ്തു. കുട്ടിയെ പിന്നീട് പോലീസിന് കൈമാറി. പാക് അധിനിവേശ കശ്മീരില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ അഷ്ഫാഖ് അലി ചൗഹാന് എന്ന കുട്ടിയെയാണ് ഇന്ത്യന്‍ സൈന്യം പിടികൂടിയത്.
നിയന്ത്രണരേഖയ്ക്ക് സമീപം സംശയാസ്പദമായ നിലയില്‍ ബാലനെ സൈന്യം കണ്ടെത്തുകയായിരുന്നു. അലി ചൗഹാന് എന്ന ബലൂച് റെജിമെന്റില്‍ നിന്ന് വിരമിച്ച ഒരു ഭടന്റെ മകനാണ് ഈ കുട്ടിയെന്നാണ് സംശയിക്കുന്നത്. പാക് അധീന കശ്മീരിലെ ദംഗര്‍ പേല് ഗ്രാമമാണ് കുട്ടിയുടെ സ്വദേശം.
ജമ്മു-കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ നിന്നാണ് കുട്ടിയെ ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിംഗ് ടീം പിടികൂടിയത്. ഇന്ത്യ-പാക് അതിര്‍ത്തി അബദ്ധത്തില്‍ കടന്ന് കുട്ടികള്‍ എത്തുന്നത് പതിവാണെങ്കിലും ഈ കുട്ടിയെ ഭീകരര്‍ അയച്ചതാണെന്ന സംശയമാണ് സൈന്യത്തിനുള്ളത്.
ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനുള്ള വഴികള്‍ കണ്ടെത്തുവാന്‍ അതിര്‍ത്തിക്കപ്പുറമുള്ള ഭീകരരും പാക് സൈനികരുമായിരിക്കും ഇത് ചെയ്തതെന്നാണ് സൈന്യം സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: