ധിക്കാരിയുടെ കാതല്‍ എന്ന പുസ്തകത്തിലെ ‘രാഷ്ട്രീയപ്രവര്‍ത്തനവും ആഭാസ സാഹിത്യവും’എന്ന പ്രബന്ധത്തില്‍ സി.ജെ.തോമസ് എഴുതി: ”അശക്തിബോധത്തിന്റെ തുറന്ന പ്രഖ്യാപനമാണ് തെറി പറയല്‍.” തെറിക്കൊരു പ്രത്യേക സ്വഭാവമുണ്ട്. അത് തിരിഞ്ഞടിക്കും. കേട്ടുനില്‍ക്കുന്നവരില്‍ നല്ല വിഭാഗം തെറിപറയുന്നവനെ നോക്കി പുച്ഛത്തോടെ ചിരിക്കുകയായിരിക്കും. തല്‍ക്കാലത്തേക്ക് ജയം നേടാന്‍ തെറി സഹായിച്ചേക്കും. ഭാഷാ പ്രയോഗങ്ങള്‍ തെറിയായി മാറുന്നത് അശക്തിബോധത്തില് നിന്നാണെന്ന് ആറ്പതിറ്റാണ്ടുമുന്പ് സി.ജെ.തോമസ് എഴുതിയതിന് ഇന്നും പ്രസക്തിയുണ്ട്.
ചെറ്റ, ചെറ്റത്തരം, കോന്തന്, തെമ്മാടി, കഴിവുകെട്ടവന്‍, കോപ്പന്, ഏഭ്യന്, നികൃഷ്ടജീവി, മറ്റെപ്പണി, തെണ്ടിത്തരം, ഒലത്തി, പുളുത്തി, പുണ്ണാക്ക്, ഊളമ്പാറ, കൈവെട്ടും, കാല്‍തല്ലിയൊടിക്കും, വീട്ടുകാര്‍ വിവരമറിയും, കയ്യും കാലും വെട്ടണം, ഓഫീസില്‍ കയറി കൈകാര്യം ചെയ്യും, നേരിട്ട് അടികൊടുക്കും, ഒരുമാതിരി സൂക്കേടാണ്, കാട്ടിലായിരുന്നു പണി, സകല പരിപാടിയും നടന്നു, സകലവൃത്തികേടും… ഈ പ്രയോഗങ്ങള്‍ ഒരു ഭരണാധികാരിയുടെ നാവില്‍നിന്ന് പലഘട്ടങ്ങളില്‍ പുറത്തുവന്നവയാണ്. അമാന്യവും അശ്ലീലദ്യോതകവും ഭീഷണി നിറഞ്ഞതുമാണീ പ്രയോഗങ്ങള്‍. വൈയക്തിക ശുദ്ധിയെയും മനുഷ്യാന്തസ്സിനേയും അവഹേളിക്കുന്ന ഈ ഭാഷാപ്രയോഗങ്ങളും കൈമുദ്രകളും (ആംഗ്യഭാഷ) മഹാങ്കാരവും അഹന്തയും നിറഞ്ഞവയാണ്. വാക്കുകളിലൂടെ വിസര്‍ജ്യം വര്‍ഷിക്കുകയാണിവിടെ. നിലമറന്നുള്ള അധികാര ഉന്മാദത്തിന്റെയും അഹംബോധത്തിന്റെയും ഈ ആഘോഷത്താല്‍ നിന്ദിക്കപ്പെടുകയാണ് പാവം കേരളീയ ജനത.
ഒരാളുടെ സംസാരത്തിലൂടെ പുറത്തുവരുന്നത് അയാളുടെ സംസ്കാരമാണ്. സംസാരം, പെരുമാറ്റം, മനോഭാവം എന്നിവയാണ് വ്യക്തിയെ ശ്രേഷ്ഠവ്യക്തിത്വത്തിന് ഉടമയാക്കുന്നത്. വ്യക്തിത്വ സവിശേഷത, വ്യക്തിത്വത്തില്‍ പുലര്‍ത്തുന്ന മര്യാദകളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഭരണാധികാരി മാന്യവും ഹിതകരവും കുലീനവുമായ ഭാഷ പ്രയോഗിക്കണം. രാഷ്ട്രീയഭാഷയായാലും അത് ജനകീയഭാഷയാകണം, അശ്ലീലഭാഷയാകുന്നത് നന്നല്ല. നഗരത്തിലായാലും ഗ്രാമത്തിലായാലും സംസ്കാരമുള്ളവര്‍ സഭ്യമായേ സംസാരിക്കൂ. അധികാരത്തിന്റെ അഹങ്കാരം ഒരിക്കലും വാമൊഴി വഴക്കമാവുകയില്ല. അന്യരെ തെറി പറയാനും അശ്ലീലം പറയാനും ഉപയോഗിക്കുന്ന വാക്കുകളെ വാമൊഴി വഴക്കം എന്ന് പറയരുത്. ഭരണാധികാരികള്‍ വാക്കുകള്‍കൊണ്ട് മുറിവേല്‍പ്പിക്കുന്നവരാകരുത്. നിരന്തരം നടത്തുന്ന വെല്ലുവിളികളെ നിഷ്ക്കളങ്കതയുടെ തട്ടിലിട്ട് അളക്കാനാകില്ല. നാടന്‍ ശൈലി, ഗ്രാമ്യഭാഷ, വാമൊഴി വഴക്കം എന്നൊക്കെപ്പറഞ്ഞ് ഈ വിടുവായത്തത്തെയും ഭീഷണിയേയും ലഘൂകരിക്കാന്‍ നേതാക്കളും ബുദ്ധിജീവികളും തുനിയരുത്. തെറിയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നാട്ടുഭാഷയാണെന്നു പറയുന്നത് ശുദ്ധതെമ്മാടിത്തരമാണ്. സ്നേഹരഹിതഭാഷയാണിത്. മര്യാദയും ആദരവുമില്ലാത്ത ഈ ഭാഷ വിഷലിപ്തവും മനുഷ്യവിരുദ്ധവുമാണ്. കേരളീയ സംസ്കാരത്തിന്റെ മരണമണിയാണിവിടെ മുഴങ്ങുന്നത്.
‘നല്ലവാക്കോതുവാന്‍ ത്രാണിയുണ്ടാകണം’ എന്ന പ്രാര്‍ത്ഥന ചൊല്ലി പഠിച്ചുവന്ന പഴയതലമുറയിലെ സാമാന്യവിദ്യാഭ്യാസം മാത്രം നേടിയ രാഷ്ട്രീയ നേതാക്കള്‍പോലും അന്തസ്സുറ്റരീതിയില് മാത്രം എതിരാളികളെ വമര്‍ശിച്ചിട്ടുള്ളതാണ് മലയാളിയുടെ രാഷ്ട്രീയ ചരിത്രം. ”ഭാവനയുടെ കീ ബോര്‍ഡില്‍ വിരലമര്ത്തുന്നതുപോലെയാണ് ഒരു വാക്കിന്റെ ഉച്ചാരണമെന്ന്’ തത്വചിന്തകനായ ലുഡ്വിഗ് വിറ്റ് ജെന്സ്റ്റെന് പറഞ്ഞിട്ടുണ്ട്. സഭ്യതയും സംസ്കാരവുമാണ് നാവിലൂടെ പുറത്തേക്കുവരേണ്ടത്. ‘വായില്‍ തോന്നുന്നത് കോതക്ക് പാട്ട്’ എന്ന രീതി ഭരണാധികാരിക്ക് ഭൂഷണമല്ല. മര്യാദയോടെയുള്ള സംസാരമാണ് മാന്യതയെന്ന തിരിച്ചറിവ് ഭരണാധികാരികള്‍ക്കുണ്ടാകണം.
അറിവും ബുദ്ധിയുമുണ്ടെങ്കിലും പെട്ടെന്നുള്ള ചിന്താശുന്യതയാല്‍ നാവ്പിഴയെന്ന അബദ്ധം സംഭവിക്കാറുണ്ട്. വിവേകികള്‍ അത് വീണ്ടും വരാതിരിക്കാന്‍ ശ്രദ്ധിക്കും. എന്നാലിവിടെ നാവ്പിഴ ബോധപൂര്‍വ്വം ഒരാഘോഷമാക്കിമാറ്റി ആനന്ദംകൊള്ളുന്ന ഭരണാധികാരിയെയാണ് കാണുന്നത്. ജനാധിപത്യ വിശ്വാസികളുടെമേല്‍ കുതിരകയറുന്ന ശരീരഭാഷയും കേട്ടിരിക്കുന്നവരെ വെല്ലുവിളിക്കുന്ന തരംതാഴ്ന്ന സംസാരഭാഷയും ധാര്‍ഷ്ട്യവും ഒരു ഭരണാധികാരിക്കും ചേര്‍ന്നതല്ല. മലയാളിയുടെ ഭാഷാബോധത്തെയും സംസ്കാര മഹിമയെയും അവഹേളിക്കരുത്. ഒരു ജനാധിപത്യഭരണകൂടത്തിന്റെ ഭാഗമായ ഭരണാധികാരി ജനത്തിനു നേരെ കൊഞ്ഞനം കുത്തുന്നതും കോപ്രായങ്ങള്‍ കാട്ടി മുക്രയിടുന്നതും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനവും നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്. ഇത് കേരളജനതക്ക് അപമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: