പുതുക്കാട്: വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് പുതുക്കാട് താലൂക്ക് ആസ്പത്രിയില്‍ എമര്‍ജന്‍സി വിളക്കിന്റെ വെളിച്ചത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. കുരിയച്ചിറ കൂട്ടുങ്കല്‍ കേശവന്റെ മകന് പ്രദീപ (39) ന്റെ മൃതദേഹമാണ് ഒന്നര മണിക്കൂറോളം വൈകി പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
വെള്ളിയാഴ്ച രാവിലെ പത്തിനാണ് മൃതദേഹം പുതുക്കാട് ആസ്പത്രിയില്‍ കൊണ്ടുവന്നത്. പുതുക്കാട് മേഖലയില്‍ വൈദ്യുതി മുടങ്ങിയനിലയിലായിരുന്നതിനാല് പോസ്റ്റ്മോര്‍ട്ടം നടത്താനാവില്ലെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു.
കെ.എസ്.ഇ.ബി. ഓഫീസില്‍ നിന്ന് ഉച്ചകഴിഞ്ഞ് മാത്രമേ വൈദ്യുതി പുനസ്ഥാപിക്കൂ എന്നറിഞ്ഞു. ബദല്‍ സംവിധാനമില്ലാത്തതിനാല്‍ വൈദ്യുതി എത്തിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടത്താമെന്ന നിലപാടിലായിരുന്നു ആസ്പത്രി അധികൃതര്‍. വിവരമറിഞ്ഞെത്തിയ ബി.ജെ.പി. പ്രവര്‍ത്തകര്‍ ആസ്പത്രി സൂപ്രണ്ടുമായി സംസാരിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി വിളക്കിന്റെ വെളിച്ചത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ തന്നെ എമര്‍ജന്‍സി വിളക്ക് എത്തിച്ച് പതിനൊന്നരയോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി.
വ്യാഴാഴ്ച രാത്രി പത്തിന് ഒല്ലൂര്‍ ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപമുണ്ടായ അപകടത്തിലാണ് പ്രദീപന് മരിച്ചത്. ഓട്ടോറിക്ഷയും വാനും കെ.എസ്.ആര്.ടി.സി. ബസ്സുമിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തിപ്പെട്ടവരെ തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കൊടകര ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള താലൂക്ക് ആസ്പത്രിയില്‍ വൈദ്യുതി മുടങ്ങിയാല്‍ ബദല്‍ സംവിധാനമില്ലാത്തത് രോഗികളെ വലയ്ക്കുന്നുണ്ട്. സംഭവം ആസ്പത്രിയുടെ സംരക്ഷണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ വീഴ്ചയാണെന്ന് ബി.ജെ.പി. ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: