ആലപ്പുഴ: ആലുവ കുട്ടമശ്ശേരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അന്ധ വിദ്യാര്‍ത്ഥി ആലപ്പുഴ ആറാട്ടുപുഴ കൊച്ചുപാണ്ടകശാലയില്‍ തെക്കേതില്‍ സിറാജുദ്ദീന്‍ഷാഹിന ദമ്പതികളുടെ മകനായ സിയാദിന് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ്.
ആലുവ സ്‌കൂള്‍ ഫോര്‍ ബ്ലൈന്‍ഡ്‌സിലെ ഹോസ്റ്റളില്‍ താമസിച്ചായിരുന്നു കുട്ടമശ്ശേരി സ്‌കൂളിലെ സിയാദിന്റെ പഠനം. ഏഴാം ക്ലാസ് വരെ സ്‌കൂള്‍ ഫോര്‍ ബ്ലൈന്‍ഡ്‌സില്‍ തന്നെയായിരുന്നു സിയാദ് പഠിച്ചിരുന്നത്. തുടര്‍ന്ന് സിയാദ് കുട്ടമശ്ശേരി സ്‌കൂളിലേക്ക് മാറിയത്. തന്നൊടൊപ്പം നിഴല്‍ പോലെ നിന്ന ഇരു വിദ്യാലയങ്ങളിലെ അധ്യാപകരുടേയും സുഹൃത്തുകളുടേയും സഹായം കൊണ്ട് മാത്രമാണ് ഇത്ര മികച്ച വിജയം നേടാന്‍ കഴിഞ്ഞതെന്ന് സിയാദ് പറയുന്നു. സിവില്‍ സര്‍വ്വീസ് നേടുകയെന്ന തന്റെ ലക്ഷ്യത്തിന്റെ ആദ്യവിജയമാണ് ഇത്.
പഠനത്തിനൊപ്പം കലാകായിക രംഗത്തും സിയാദ് ഇതിനോടകം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. കേരള സീനിയര്‍ ബ്ലൈന്‍ഡ്‌സ് ക്രിക്കറ്റ് ടീമിലെ അംഗമാണ് സിയാദ്. അസോസിയേഷന് കീഴിലുള്ള സീഗില്‍സ് ക്ലബിലാണ് ഇപ്പോള്‍ പരിശീലനം നടത്തുന്നത്. കൂടാതെസംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ മലയാളം പ്രസംഗത്തില്‍ ഒന്നാംസ്ഥാനം സിയാദിനായിരുന്നു. ബാന്‍ഡ് ഡില്‍പ്ലേയില്‍ സിയാദ് ഉള്‍പ്പെട്ട സംഘത്തിനായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷവും ഒന്നാംസ്ഥാനം.
















