പത്തനാപുരം: ഇരുചക്രവാഹനം ബസുകളില്‍ കൂട്ടിയിടിച്ച് പതിമൂന്ന് വയസുകാരനും പിതാവിനും ഗുരുതരപരിക്ക്. നടുക്കുന്ന് പള്ളിവടക്കേതില്‍ കമറുദീന് (47), മകന് തന്‍സീര്‍ (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ തന്‍സീറിന്റെ വലതുകാല്‍ അറ്റുപോയി. പുനലൂര്‍-മൂവാറ്റുപുഴ പാതയില്‍ പത്തനാപുരം കടയ്ക്കാമണ്‍ ചെലവന്നൂര്‍ പടിയില്‍ ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അപകടം. ബൈക്ക് യാത്രികര്‍ പുനലൂര്‍ ഭാഗത്തേക്ക് പോകവെയാണ് സംഭവം. പിന്നാലെ വന്ന കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിന്റെ പിന്‍വശം ഇരുചക്രവാഹനത്തില്‍ തട്ടുകയും തുടര്‍ന്ന് എതിരെ വന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പതിമൂന്നുകാരന്റെ കാല് ബസില്‍ അറ്റുതൂങ്ങികിടന്നു. പിതാവ് കമറുദീനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. പത്തനാപുരം എസ്ഐ വസന്തകുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: