മുംബൈ: സൂം ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ വിജയ് ചൗധരിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തു. പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് 2600 കോടി തട്ടിയെന്ന കേസിലാണ് അറസ്റ്റ്. രാജ്യത്ത് നടന്ന വമ്പന്‍ തട്ടിപ്പുകളില്‍ ഒന്നാണ് ഇത്.
തട്ടിപ്പ് പുറത്തു വന്നതോടെ ചൗധരിക്ക് അമേരിക്കയിലെ കാലിഫോര്‍ണിയയിലും മറ്റു ചിലയിടങ്ങളിലും ഉള്ള 1280 ഏക്കര്‍ ഭൂമി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു.ഇതിന് മൊത്തം 130 കോടി രൂപ വരും.
അമേരിക്കയില്‍ ബേവറിന്‍ സ്റ്റിഫഗ് ഫൗണ്ടേഷന്‍ എന്ന പേരിലും വിന്‍ഡ്‌ലീഫ് ഫൗണ്ടേഷന്‍ എന്ന പേരിലും രണ്ടു ട്രസ്റ്റുകള്‍ ഉണ്ടായിരുന്നു. ഇവയുടെ മറവിലായിരുന്നു തട്ടിപ്പുകള്‍. ഇവയുടെ പേരില്‍ അഞ്ച് കടലാസ് കമ്പനികള്‍ ബ്രിട്ടനിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമുണ്ടാക്കി.
സൂം ഡെവലപ്പേഴ്‌സുമായി കരാറുള്ള വിദേശ കമ്പനികളെന്ന് കാണിച്ച് ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് അവരില്‍ നിന്ന് പണം വായ്‌പ്പകളായി നേടുകയായിരുന്നു. ഇയാള്‍ക്ക് ഇത്തരം 450 കടലാസ് കമ്പനികളുണ്ടെന്ന് കണ്ടെത്തിയിരുന്നു.
















