കണ്ണൂര്‍: ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ സ്ഥലം നഷ്ടമാകുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഗ്യാസ് പൈപ്പ് ലൈന്‍ വിക്ടിംസ് ഫോറം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പൈപ്പ് സ്ഥാപിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ജനങ്ങളില്‍ നിലനിര്‍ത്തി നികുതി ഭാരം അടിച്ചേല്‍പ്പിക്കരുതെന്നും ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നിയമ വിരുദ്ധമായാണ് പൈപ്പുകള്‍ ജനവാസ കേന്ദ്രത്തിലൂടെ ഇടാന്‍ തീരുമാനിച്ചിരിക്കുന്നത്. വന്‍ അപകട സാധ്യതയാണ് ഇതിലൂടെ ഉണ്ടാകാന്‍ പോകുന്നത്. നിയമ വിരുദ്ധമാണെന്നറിഞ്ഞു കൊണ്ട് ഗതികേടില്‍ നിന്നാണ് പാക്കേജ് പ്രഖ്യാപനത്തിന് ആവശ്യപ്പെടുന്നതെന്ന് ഇവര്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് പരിരക്ഷ നല്‍കാനും അധികൃതര്‍ തയ്യാറാവണം. പാക്കേജ് പ്രഖ്യാപനത്തിലൂടെ സംസ്ഥാന സര്‍ക്കാരിന് ഒരു രൂപപോലും നഷ്ടപ്പെടാനില്ലെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എ.ഗോപാലന്‍, യു.കെ.സെയ്ദ്, പി.രാമര്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
















