കെ.വി. വിജയന്‍
കറുകച്ചാല്‍: റബ്ബര്‍ വെട്ടി മാറ്റിയിടത്തും വയലുകളിലും മറ്റു കൃഷിയിടങ്ങളിലും കപ്പ കൃഷി വ്യാപിക്കുന്നു. ഇതോടൊപ്പം പച്ചക്കറി കൃഷിയുടെയം കിഴങ്ങുവര്‍ഗ്ഗങ്ങളുടെയും കൃഷി വ്യാപിക്കുന്നുണ്ട്. കറുകച്ചാല്‍, നെടുംകുന്നം, മാടപ്പള്ളി എന്നീ പ്രദേശങ്ങളില്‍ കപ്പ കൃഷി വ്യാപിച്ചിട്ടുണ്ട്. അധികം ചിലവില്ലാതെ വിളവെടുക്കാമെന്നുള്ളതാണ് കപ്പ കൃഷിയുടെ നേട്ടം. ഇതിന് വിദഗ്ധരായ തൊഴിലാളികളുടെ ആവശ്യവുമില്ല. റബ്ബര്‍ കൃഷിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തുഛയായ ചിലവേ ആകുന്നുള്ളു.
ശരാശരി 10 കിലോ കപ്പ വരെ ഒരു മൂട്ടില്‍ നിന്നും ലഭിക്കും. പച്ചക്കറി കൃഷിയെ പോലെ മരുന്നടിക്കണ്ട. അമിതമായ കൂലി ചിലവുമില്ല. മൊത്തക്കച്ചവടക്കാര്‍ കൂലിക്കാരുമായി എത്തി കപ്പ പറിച്ച് തൂക്കി അവിടെ വച്ചു തന്നെ വിലകൊടുത്ത് കൊണ്ടു പോകും. കൃഷിയിടത്ത് നിന്ന് മൊത്തക്കച്ചവടക്കാര്‍ കിലോഗ്രാമിന് 20രൂപക്കാണ് എടുക്കുന്നത്. കച്ചവടക്കാരില്‍ നിന്നും ഉപഭോക്താക്കള്‍ കിലോക്ക് 30 രൂപക്കാണു വാങ്ങുന്നത്. റബ്ബര്‍ കൃഷിയുടെ വരവോടെ കപ്പ കൃഷിയും നാമമാത്രമായി. കപ്പകൃഷിയോടു താല്പര്യവുമില്ലാതായി. റബ്ബര്‍ വില കുറഞ്ഞതോടെ കര്‍ഷകര്‍ പിടിച്ചു നില്‍ക്കാനായി വീണ്ടും കപ്പയിലേക്കെത്തുകയാണ്.
ഒരേക്കറില്‍ താഴെ കൃഷിയിടം ഉണ്ടായിരുന്നവര്‍ വരെ റബ്ബര്‍ കൃഷിയിലേക്കു നീങ്ങി. ഇതോടെ തെങ്ങ്, വാഴ, കുരുമുളക് തുടങ്ങിയവയുടെ കൃഷികളും ഇല്ലാതായി. റബ്ബര്‍ കൃഷിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ആദായം ഇപ്പോള്‍ കപ്പ കൃഷിയില്‍ നിന്നും ലഭിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ആറു മാസത്തിനകം കപ്പ കൃഷിയില്‍ നിന്ന് മുടക്കുമുതലും ലാഭവും ലഭിക്കും. അതേസമയം വന്‍തോതില്‍ കപ്പയുടെ ഉല്‍പ്പാദനം കൂടിയാല്‍ വില തകര്‍ച്ചയുണ്ടാകുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.
















