കായംകുളം: അമ്മയോടൊപ്പം ഉറങ്ങി കിടന്ന എട്ട്മാസം പ്രായമുള്ള കുഞ്ഞിന്റെ നാലര പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടാവ് കവര്‍ന്നു. കായംകുളം ദേശത്തിനകം കുമ്പളത്ത് പ്രസന്നകുമാറിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. ജനല്‍ പാളി തുറന്ന ശേഷം കൈയിട്ട് കതകിന്റെ കുറ്റികള്‍ മാറ്റി കതക് തുറന്നാണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്നത്.
കുഞ്ഞിന്റെ അരഞ്ഞാണം രണ്ട് കാല്‍വളകള്‍ എന്നിവയാണ് മോഷ്ടിച്ചത്. പുലര്‍ച്ചെ നാലുമണിയോടെ പ്രസന്നകുമാര്‍ ഉണര്‍ന്നപ്പോള്‍ കതക് തുറന്ന് കിടക്കുന്നത് കണ്ട് മറ്റുള്ളവരെ വിളിച്ചുണര്‍ത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഡോഗ് സ്‌കോട് എത്തിയെങ്കിലും സമീപത്തെ ഒരു വീടിനു സമീപംവരെ മാത്രമേ എത്തിയുള്ളു. വിരലടയാള വിദഗ്ദര്‍ എത്തി തെളിവെടുത്തു. കായംകുളം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
















