ന്യൂദല്‍ഹി: കാലു തിരുമ്മുന്നത് മരണത്തിനു കാരണമാവുമോ? മരണം സംഭവിക്കാം എന്ന ഉത്തരവുമായി മെഡിക്കോ ലീഗല്‍ ജേണല്‍. 23 വയസുള്ള ദല്‍ഹി സ്വദേശിയായ യുവാവിന് ഇത്തരത്തില്‍ അന്ത്യം സംഭവിച്ചതിന്റെ ഉദാഹരണവും ജേണലില്‍ നല്‍കിയിരിക്കുന്നു.
അപൂര്‍വമായി മാത്രം സംഭവിക്കാവുന്ന ദുരന്തത്തെക്കുറിച്ചാണ് വിശദീകരിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബറിലാണ് സംഭവം. കടുത്ത വേദന തോന്നിയപ്പോള്‍ അമ്മയാണ് ഈ യുവാവിന്റെ കാലു തിരുമ്മിക്കൊടുത്തത്. അര മണിക്കൂറോളം തിരുമ്മല്‍ തുടര്‍ന്നു. അപ്പോഴേക്ക് യുവാവ് കുഴഞ്ഞു വീണു. പെട്ടെന്നു തന്നെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാലില്‍ രൂപപ്പെട്ട കട്ട പിടിച്ച രക്തം തുടര്‍ച്ചയായ തിരുമ്മലില്‍ ധമനിയില്‍ എത്തിയതാണ് പ്രശ്‌നമായത്. ഇത് ശ്വാസകോശത്തിലേക്കുള്ള രക്ത പ്രവാഹത്തെ തടസ്സപ്പെടുത്തി. പെട്ടെന്നു തന്നെ മരണവും സംഭവിച്ചു.
ഒരു വര്‍ഷം മുമ്പ് ഈ യുവാവിന് ബാഡ്മിന്റണ്‍ കളിക്കിടെ കാലിനു പരിക്കേറ്റിരുന്നു. പ്ലാസ്റ്ററിട്ട ശേഷമാണ് കാല്‍പ്പാദത്തില്‍ രക്തക്കട്ട രൂപപ്പെട്ടത്. പ്ലാസ്റ്റര്‍ എടുത്ത ശേഷവും പലപ്പോഴും കടുത്ത വേദനയുമുണ്ടായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പടുന്ന കട്ടപിടിച്ച രക്തം മരണകാരണമാവുന്നത് അപൂര്‍വമാണെങ്കിലും മേലില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് ഈ സംഭവം മുന്നറിയിപ്പു നല്‍കുന്നതെന്ന് ജേണലില്‍ പറയുന്നു.
















