കോട്ടയം: ചുട്ടുപൊള്ളുന്ന വേനലില്‍ ഭൂജലനിരപ്പ് വീണ്ടും കുറയുന്നു. വേനല്‍മഴ ചതിച്ചതാണ് പ്രധാനകാരണം. മഴയുടെ കുറവ് മൂലം ഭൂജലനിരപ്പ്, കഴിഞ്ഞ മാസത്തേക്കാള്‍ 20 സെന്റിമീറ്റര്‍ വരെ കുറഞ്ഞിട്ടുണ്ട്. ഭൂജലവകുപ്പിന്റെ പഠനമനുസരിച്ച് കോട്ടയം ജില്ലയില്‍ ഒന്നര മുതല്‍ രണ്ട് മീറ്റര്‍ വരെയാണ് ഈ വേനല്‍ക്കാലത്ത് ജലനിരപ്പ് താഴ്ന്നത്. ഭൂജലനിരപ്പ് വീണ്ടും താഴുന്നത് രൂക്ഷമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
വേനല്‍മഴ ലഭിച്ച സ്ഥലങ്ങളില്‍ ജലനിരപ്പില്‍ നേരിയ വ്യത്യാസം കാണാം. കോട്ടയം ജില്ലയില്‍ എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിലാണ് വേനല്‍മഴ കുറച്ചെങ്കിലും ലഭിച്ചത്. ഇവിടുത്തെ ജലനിരപ്പില്‍ നേരിയ വ്യത്യാസം പ്രകടമാണ്. എന്നാല്‍ വേനല്‍മഴ ലഭിക്കാതെപോയ കടുത്തുരുത്തി, കറുകച്ചാല്‍, കോട്ടയം, ചങ്ങനാശേരി തുടങ്ങിയ മേഖലകളിലാണ് ജലനിരപ്പ് വീണ്ടും താഴോട്ട് പോകുന്നത്.
ഇത് കാര്‍ഷികമേഖലയുടെ നട്ടെല്ല് ഒടിച്ചിട്ടുണ്ട്. ജില്ലയില്‍ നാലു കോടിയുടെ കൃഷിനാശമാണ് കണക്കാക്കിയിരിക്കുന്നത്. 786 ഹെക്ടറിലെ കൃഷി നശിച്ചു.
ജലഅതോറിറ്റിയുടെ പല കുടിവെള്ള പദ്ധതികളും നിലയ്‌ക്കുന്ന അവസ്ഥയാണ്. കിഴക്കന്‍ മേഖലയില്‍ കുന്നുകളും മലകളും വന്‍തോതില്‍ ഇടിച്ച് നിരത്തിയതും മഴവെള്ളം ഭൂമിയിലേക്ക് താഴാനുള്ള മാര്‍ഗ്ഗങ്ങള്‍ അടഞ്ഞതും ഭൂജലനിരപ്പിനെ സാരമായി ബാധിച്ചു. പാടങ്ങള്‍ നികത്തിയതും സ്വഭാവികമായിട്ടുണ്ടായിരുന്ന നീര്‍ച്ചാലുകള്‍ ഇല്ലാതെയായതും ജലനിരപ്പിനെ ബാധിച്ചിട്ടുണ്ട്. അതേ സമയം തണ്ണീര്‍മുക്കം ബണ്ട് തുറന്നതോടെ കുടിവെള്ളത്തില്‍ ഉപ്പുരസം വര്‍ധിച്ചതാണ് പടിഞ്ഞാറന്‍ മേഖല നേരിടുന്ന വെല്ലുവിളി.
















