മുണ്ടക്കയം: സമീപത്തുള്ള വീടിന് കേടുപാട് സംഭവിക്കുമെന്ന് പരാതി നല്‍കിയിട്ടും സ്വകാര്യ വ്യക്തി കിണര്‍ നിര്‍മ്മാണം തുടരുന്നുവെന്ന് ആക്ഷേപം. ഇളങ്കാട് കൊടുങ്ങ കല്ലുവെട്ടത്ത് ബിജുവിന്റെ വീടാണ് ജാക്കി ഉപയോഗിച്ചു പാറപൊട്ടിച്ചതിനെ തുടര്‍ന്നു ഭിത്തിയില്‍ വിളളല്‍ വീണു തകര്‍ന്നത്.
കൂലിപ്പണിക്കാരനായ ബിജുവും ഭാര്യയും കുട്ടിയും രോഗിയായ മാതാവുമൊത്തു താമസിക്കുന്ന വീടിന്റെ സമീപത്താണ് അയല്‍വാസി അയാളുടെ പുരയിടത്തില്‍ കിണര്‍ നിര്‍മ്മാണം ആരംഭിച്ചത്. കിണര്‍ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ തന്നെ തന്റെ വീടിനുണ്ടാകാവുന്ന അപകടം ബിജു ബോധ്യപ്പെടുത്തിയെങ്കിലും തന്റെ പുരയിടത്തില്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് മറ്റാരുടെയും അനുമതി വേണ്ടെന്ന മറുപടിയാണ് ലഭിച്ചത്.
കിണര്‍ നിര്‍മ്മാണത്തിനിടെ കരിങ്കല്‍ പാറ പൊട്ടിച്ചു നീക്കേണ്ട സാഹചര്യമെത്തിയപ്പോള്‍ വീടിന് അപകടമുണ്ടായേക്കാമെന്ന് ബിജു കിണര്‍ ഉടമയേയും പഞ്ചായത്ത് റവന്യൂവകുപ്പധികാരികളെയും നേരില്‍ കണ്ട് ബോധ്യപ്പെടുത്തിയിരുന്നു. കാഞ്ഞിരപ്പളളി തഹസീല്‍ദാര്‍ക്കു നല്‍കിയ പരാതിയിന്മേല്‍ അന്വേഷണത്തിനു കൂട്ടിക്കല്‍ വില്ലേജ് ആഫീസറെ ചുമതലപ്പെടുത്തിയിരുന്നു.പ്രശ്നം പരിഹരിക്കുന്നതുവരെ കിണര്‍ നിര്‍മ്മാണ ജോലി നിര്‍ത്തിവക്കാന്‍ തഹസീല്‍ദാര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇത് സംബന്ധിച്ചു മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
നീതി ലഭിച്ചില്ലെന്നു മാത്രമല്ല ഇത് അന്വേഷിക്കാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചെതെന്നു ബിജു പറയുന്നു. ഭരണകക്ഷിയില്‍ ചിലരുടെ ഇടപെടലാണ് ഇതിനു കാരണമെന്നും ആരോപണമുണ്ട്.
















