ചെറുപുഴ: രാജഗിരിയിലെ വ്യാപാരിയായിരുന്ന മച്ചാനാനിക്കല്‍ ബേബി ആഗസ്ത് 21ന് ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനെക്കുറിച്ച് സംസ്ഥാന പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും നാളിതുവരെയായിട്ടും അന്വേഷണം തുടങ്ങിയിടത്തു തന്നെയാണെന്നും ആയതിനാല്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്, മരിച്ച ബേബിയുടെ ഭാര്യ ലിസി അഡ്വ: ജയകുമാര്‍ നമ്പൂതിരി മുഖേന ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നാളിതുവരെ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയെ അറിയിക്കാന്‍ ജസ്റ്റിസ് സുനില്‍ തോമസ് ഉത്തരവിട്ടു. ആത്മഹത്യ ചെയ്യാന്‍ യാതൊരു സാധ്യതയുമില്ലാത്ത തന്റെ ഭര്‍ത്താവിന്റെ മരണം പ്രാദേശികമായി സ്വാധീനമുള്ള ചില രാഷ്‌ട്രീയ നേതാക്കളുടെ ഇടപെടല്‍ മൂലം അന്വേഷിക്കാതിരിക്കുകയാണെന്നും. ഇതിന്റെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ മുന്നോട്ട് പോകുമെന്നും മരണത്തിന് പിന്നിലെ ദുരൂഹത പുറത്തു കൊണ്ടുവരുന്നതുവരെ നിയമ പോരാട്ടം തുടരുമെന്നും ബേബിയുടെ ബന്ധുക്കള്‍ അറിയിച്ചു.
















