പയ്യന്നൂര്‍: ഇത് കൈവരിപോലുമില്ലാത്ത നടപ്പാത. ഇരുഭാഗത്തും നിറഞ്ഞ് നില്‍ക്കുന്ന പുഴ വെള്ളം. വീതിയും പരിമിതം. കണ്ണൊന്ന് തെറ്റിയാല്‍, കാലൊന്ന് പിഴച്ചാല്‍… ഇരുഭാഗത്തേക്കും ഒന്ന് നോക്കിയാല്‍ വിറക്കുന്ന ഈ നടവഴിയിലൂടെ കടന്നുപോകുന്നത് ബൈക്കുകളും ഓട്ടോറിക്ഷകളും. മീങ്കുഴി അണക്കെട്ടിന് മുകളിലൂടെയാണ് ഞാണിന്മേല്‍ കളി പോലെയുള്ള ഈ യാത്ര. വണ്ണാത്തിപ്പുഴക്ക് കുറുകെയുള്ള അണക്കെട്ടിനെയാണ് നാട്ടുകാര്‍ ഗതാഗതത്തിനുള്ള വഴിയായി ഉപയോഗപ്പെടുത്തുന്നത്. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് ആസ്ഥാനമായ ചന്തപ്പുര ടൗണില്‍ നിന്നുള്ള റോഡും പയ്യന്നൂര്‍ നഗരസഭയിലെ പെരുമ്പ ദേശീയപാത മാതമംഗലം റോഡില്‍ മണിയറയില്‍ നിന്നുള്ള റോഡും പുഴയുടെ ഇരുഭാഗത്തും എത്തി മീങ്കുഴി അണക്കെട്ട് വഴിയാണ് ബന്ധിക്കുന്നത്. നഗരസഭയില്‍ പെടുന്ന മണിയറ, കാനായി പ്രദേശത്തുകാര്‍ തൊട്ടടുത്ത ചന്തപ്പര ബസ് സ്റ്റോപ്പിലെത്താന്‍ ഈ അണക്കെട്ട് പാത കടക്കണം. നിത്യേന നിരവധി ഓട്ടോകളും ബൈക്കുകളും കാല്‍നടക്കാരും ഈ വഴി കടന്നു പോകുന്നു. ഒരു ഓട്ടോറിക്ഷക്ക് മാത്രം പരിമിതമായി കടന്നു പോകാനുതകുന്ന ഈ വഴിയില്‍ ഒരാള്‍ എതിരെ വന്നാല്‍ കുടുങ്ങിയതു തന്നെ. ഈ അണക്കെട്ട് വഴിയില്‍ കൈവരിയടക്കം നിര്‍മ്മിച്ച് സുരക്ഷിത റോഡാക്കി യാത്രാസൗകര്യമൊരുക്കേണ്ടുന്ന കാലം അതിക്രമിച്ചു.
















