തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അത്ര എളുപ്പമല്ല. പത്രിക സമര്‍പ്പിക്കു മുന്‍പ് തനിക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ അയോഗ്യയൊന്നും ഇല്ലെന്ന് ഉറപ്പാക്കണം. നിയമ വ്യവസ്ഥകള്‍ പരിശോധിച്ച് നാമനിര്‍ദ്ദേശം സമര്‍പ്പിക്കേണ്ടത് സ്ഥാനാര്‍ത്ഥികളുടെ ഉത്തരവാദിത്വമാണ്. നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് യോഗ്യതകളും അയോഗ്യതകളും തീരുമാനിക്കുക മാത്രമാണ്് വരണാധികാരികളുടെ ചുമതല. നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുമ്പോള്‍ പറയാന്‍ വയ്യായിരുന്നോ എന്ന പരിഭവം പറയാന്‍ സ്ഥാനാര്‍ത്ഥിക്ക് അവകാശമില്ലന്ന് ചുരുക്കം.
അയോഗ്യതയ്ക്കുള്ള വ്യവസ്ഥകള്‍ അനവധിയാണ്. സര്‍ക്കാരുമായോ തദ്ദേശ സ്വയംഭരണ സ്ഥാപനമായോ ഏതെങ്കിലും കരാറില്‍ (കോണ്‍ട്രാക്ട്) ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഒരാള്‍ അയോഗ്യനാണ്. എന്നാല്‍ മുമ്പ് കരാറിലോ, പണിയിലോ അവകാശമുണ്ടായിരുന്നു എന്ന കാരണത്താല്‍ അയോഗ്യതയില്ല. സമൂഹത്തിന്റെയോ സ്പോണ്‍സറുടെയോ പ്രതിനിധി എന്ന നിലയില്‍ പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ ഏതെങ്കിലും സഹായകരമായ പണി ഏറ്റെടുക്കല്‍ അയോഗ്യതയല്ല. പഞ്ചായത്തിന്റെ കെട്ടിടമോ കടമുറിയോ വ്യാപാരാവശ്യത്തിനു വാടക വ്യവസ്ഥയിലോ പാട്ടവ്യവസ്ഥയിലോ ഏറ്റെടുത്തിട്ടുണ്ടെങ്കിലും അയോഗ്യതയില്ല.
സര്‍ക്കാരിലേയ്ക്കോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കോ നികുതി-കരം പോലുള്ള ഏതെങ്കിലും കുടിശികക്കാരനാണെങ്കില് അയോഗ്യനാണ്. എന്നാല്‍ കുടിശ്ശികക്കാരനായി കണക്കാക്കണമെങ്കില്‍ അത് സംബന്ധിച്ച് ഒരു ബില്ലോ നോട്ടീസോ നല്‍കുകയും അതില്‍ വല്ല സമയവും നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ ആ സമയം കഴിയുകയും വേണം. ബാങ്കുകള്‍ക്കോ ഏതെങ്കിലും സര്‍വ്വീസ് സഹകരണ സംഘങ്ങള്‍ക്കോ നല്‍കാനുള്ള കുടിശിക ബാധകമല്ല.
സര്‍ക്കാരിനോ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിനോ നല്കുവാനുള്ള കുടിശികയ്ക്ക് ഇന്‍സ്റ്റാള്‍മെന്റ് അനുവദിച്ചിട്ടുണ്ടെങ്കില്‍ അതില്‍പ്പറയുന്ന ഗഡുക്കള്‍ മുടങ്ങിയിട്ടുണ്ടെങ്കില്‍ മാത്രമേ കുടിശികക്കാരനെന്ന അയോഗ്യത ഉണ്ടാകൂ.
കുറ്റത്തിനു ശിക്ഷിക്കപ്പെട്ടവര്‍ക്കോ അല്ലെങ്കില്‍ സാന്മാര്ഗ്ഗിക ദൂഷ്യം ഉള്‍പ്പെട്ട ഒരു കുറ്റത്തിന് മൂന്നു മാസത്തില്‍ കുറയാതെയുള്ള കാലത്തേയ്ക്ക് തടവുശിക്ഷ വിധിക്കപ്പെട്ടിട്ടുള്ളവര്ക്കോ അയോഗ്യത ഉണ്ടായിരിക്കും. ജയില്‍ മോചിതനായ ശേഷം ആറു കൊല്ലം വരെ അയോഗ്യതയുണ്ട്്. ശിക്ഷ നടപ്പിലാക്കുന്നത് അപ്പീല്‍ കോടതി സ്റ്റേ നല്‍കയിട്ടുണ്ടെങ്കിലും കുറ്റ തെളിഞ്ഞെന്ന വിധി സ്റ്റേ ചെയ്യാത്ത കാലത്തോളം അയോഗ്യത ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ സൂക്ഷ്മ പരിശോധന നടത്തുന്ന ദിവസത്തിലെ സ്ഥിതിയാണ് യോഗ്യതയ്ക്കും അയോഗ്യതക്കും കണക്കാക്കുക. ഏതെങ്കിലും കേസുകളില്‍ പ്രതിയായതുകൊണ്ട് മാത്രം ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു അയോഗ്യതയില്ല.
അഴിമതിയ്ക്കോ കൂറില്ലായ്മയ്ക്കോ ഉദേ്യാഗത്തില്‍ നിന്നും പിരിച്ചുവിടപ്പെട്ടവര്‍ക്ക് പിരിച്ചുവിടപ്പെട്ട തീയതി മുതല്‍ അഞ്ചു വര്‍ഷത്തേയ്ക്ക് അയോഗ്യതയാണ്. കരാറിലോ ലേലത്തിനോ വീഴ്ച വരുത്തുന്നതിന്റെ ഫലമായി ബ്ലാക്ലിസ്റ്റില്പ്പെടുത്തിയിട്ടുണ്ടെങ്കില് അയോഗ്യനാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ധനമോ മറ്റു വസ്തുക്കളോ നഷ്ടപ്പെടുത്തുകയോ, പാഴാക്കുകയോ, ദുര്‍വിനിയോഗം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന ഓംബുഡ്സ്മാന് കണ്ടെത്തിയിട്ടുണ്ടെങ്കിലും അയോഗ്യനാണ്. ഓരാള് ബധിര-മൂകനാണെങ്കിലും അയോഗ്യനാണ്. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നും വിലക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അയോഗ്യനാണ്.
തെരഞ്ഞെടുപ്പു ചെലവുകണക്കു സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് അയോഗ്യനാക്കുന്ന തീയതിമുതല്‍ അഞ്ചു വര്‍ഷക്കാലം മത്സരിക്കുവാന്‍ അയോഗ്യരാണ്. എന്നാല്‍ ഗ്രാമസഭയുടേയൊ വാര്ഡ്സഭയുടേയൊ യോഗം വിളിച്ച് കൂട്ടുന്നതിനു വീഴ്ച വരുത്തുകയോ അല്ലെങ്കില്‍ പ്രസ്തുത തദ്ദേശസ്വയംഭരണ സ്ഥാപനത്തത്തന്റേയോ അതിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടേയോ യോഗങ്ങളില്‍ ഹാജരാകാതിരിക്കുകയോ ചെയ്തതിലുണ്ടായിട്ടുള്ള അയോഗ്യത മത്സരിക്കുന്നതിന് തടസമല്ല.
















