കൊല്ലം: കോര്പ്പറേഷന് തുടര്‍ച്ചയായി ഭരിക്കുന്ന ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ കച്ചകെട്ടിയിരിക്കുകയാണ് യുഡിഎഫ്. പക്ഷേ അന്തഃഛിദ്രങ്ങളും പടലപിണക്കങ്ങളും അവസാനിച്ചിട്ടില്ല. മുന്നണികളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കണ്ട കോര്പ്പറേഷന് നിവാസികളോട് വികസനമുന്നേറ്റത്തിന് ബിജെപി അവസരം തേടുകയാണ്. കേന്ദ്ര ഭരണത്തിന്റെ മികവും വികസനകാഴ്ചപ്പാടും അക്കമിട്ട് നിരത്തി വോട്ടര്‍മാരെ ആത്മവിശ്വാസത്തോടെയാണ് ബിജെപി സമീപിക്കുന്നത്.
2000ല്‍ കോര്പ്പറേഷന് രൂപീകരണത്തിന് ശേഷം ഇടതുമുന്നണി നടത്തിയ അഴിമതികളും സ്വജനപക്ഷപാതവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടാത്തതിന് കാരണം യുഡിഎഫുമായുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ്. ആദ്യം സബിതാബീഗവും പിന്നീട് എന്‍. പത്മലോചനനും തുടര്‍ന്ന് 2010ല്‍ പ്രസന്ന ഏണസ്റ്റുമാണ് മേയര്‍മാരായി ഇരുന്നത്. പത്മലോചനന്റെ കാലത്ത് അടിപ്പാത നിര്‍മാണത്തിനായി ചിന്നക്കടയെ രണ്ടായി വിഭജിച്ച് നിര്‍മിച്ച വാരിക്കുഴി മൂലമുള്ള വൈഷമ്യങ്ങള്‍ ആറുമാസം മുമ്പാണ് പരിഹരിക്കപ്പെട്ടത്. ആര്‍എസ്പി മുന്നണി വിട്ട സാഹചര്യത്തില്‍ സിപിഐക്ക് ഒടുവിലത്തെ 11 മാസം മേയര്‍ സ്ഥാനം നല്കി സിപിഎം രാഷ്ട്രീയമുതലെടുപ്പും നടത്തി. സിപിഐയുടെ ഹണി ബെഞ്ചമിനാണ് നിലവിലെ മേയര്‍.
ഭരണകൂടം അടിച്ചേല്‍പ്പിച്ച ചിന്നക്കട മേല്‍പ്പാലമാണ് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം. നിലവില്‍ അടിപ്പാതയ്ക്ക് വേണ്ടി രൂപമാറ്റം വരുത്തിയ മേല്‍പ്പാലം കാല്നടയാത്രികര്ക്കുമാത്രമല്ല, കച്ചവടക്കാര്‍ക്ക് പോലും ഇരുട്ടടിയാണ്. കൊല്ലം ഫെസ്റ്റിലൂടെ കോടികളുടെ അഴിമതി നടത്തിയിട്ടും പ്രതിപക്ഷത്തിന് ശക്തമായി പ്രതികരിക്കാനാവാത്തതും എടുത്തുപറയേണ്ട സംഗതിയാണ്. പോളച്ചിറ ഏലയില്‍ ഇഎംഎസ് ഭവനനിര്മാണപദ്ധതിയില്പെടുത്തി വീട് നിര്‍മാണത്തിന്റെ പേരില്‍ പ്രദേശിക സിപിഎം നേതാക്കള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവവും വേണ്ട വിധം ചര്‍ച്ചയായില്ല. എല്ലാ വിഷയങ്ങളിലും പൊറാട്ടുസമരങ്ങള് നടത്തി ഇടതുപക്ഷത്തെ സഹായിക്കാനാണ് കോണ്‍ഗ്രസും യുഡിഎഫും ശ്രമിച്ചത്.
എന്തിനും ഏതിനും കൈക്കൂലി വാങ്ങുന്ന സമീപനമാണ് കോര്‍പ്പറേഷനില്‍ നടമാടുന്നത്. റോഡ് കയ്യേറ്റത്തിലൂടെ സഖാക്കളും അവരുടെ ആശ്രിതരും നടത്തുന്ന കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്ത ഇടതുമുന്നണി, സമ്മേളനത്തിന് പിരിവ് നല്‍കാത്തതിന് വന്‍കിട വാഹനഷോറൂമിനെതിരെ നടപടിയെടുത്ത സംഭവവുമുണ്ട്. റോഡ് കയ്യേറ്റം ആരോപിച്ചായിരുന്നു ഇത്. ഗതാഗതക്കുരുക്കും മാലിന്യനിര്‍മാര്‍ജനവും തെരുവ്വിളക്ക് കത്താത്തതുമാണ് പ്രധാനപ്പെട്ട മറ്റ് വിഷയങ്ങള്‍.
തെരുവ് വിളക്ക് കൃത്യമായി പ്രകാശിക്കാത്തത് കാരണം കോര്പ്പറേഷന് പരിധിയില്‍ പ്രമുഖമായ വീഥികളെല്ലാം രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രങ്ങളായി മാറിയതാണ് ഭരണനേട്ടം. കരാറുകാരനെ പഴിചാരി നാലുവര്‍ഷവും തള്ളിനീക്കിയ ഭരണക്കാര്‍ ഇപ്പോള്‍ വിളക്കുകള്‍ കത്തിക്കാനായി പുതിയ ടീമിനെ അന്വേഷിക്കുകയാണ്. ഒരുഘട്ടത്തില്‍ സിപിഎം അംഗമായ പ്രൊഫ.സുലഭ പോലും താന്‍ ഈ പ്രശ്നം കാരണം ഇനി മത്സരിക്കാനില്ലെന്ന് കൗണ്‍സിലില്‍ വ്യക്തമാക്കിയിരുന്നു.
യുഡിഎഫില്‍ പുകയുന്നത് സീറ്റ് തര്‍ക്കമാണ്. നിലവില്‍ 34 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. നേരത്തെ മത്സരിച്ച ഏഴുസീറ്റുകള്‍ ആര്‍എസ്പി കൂടി മുന്നണിയില്‍ എത്തിയ സാഹചര്യത്തില്‍ വിട്ടുകൊടുത്തുകൊണ്ടാണിത്. എന്നാല്‍ കോണ്‍ഗ്രസ് സീറ്റ് കൂടുതല്‍ നല്കുന്നെങ്കില് അത് മുസ്ലിം ലീഗിനായിരിക്കണമെന്നും യുഡിഎഫില്‍ സംസ്ഥാനതലത്തില്‍ രണ്ടാമത്തെ അംഗബലമുള്ള പാര്‍ട്ടി തങ്ങളാണെന്നുമാണ് മുസ്ലിം ലീഗിന്റെ നിലപാട്. അര്‍ഹമായ സീറ്റുകള്‍ നേടിയെടുക്കാന്‍ ജില്ലാ നേതൃത്വം പരാജയമാണെന്ന് ലീഗിനുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസം വന്ന സാഹചര്യത്തിലാണ് പൊട്ടിത്തെറി.
കോണ്‍ഗ്രസില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട് സ്ഥാനമോഹികളായ മുതിര്‍ന്ന കോണ്‍ഗ്രസുകാരില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് ഇടിത്തീപോലെ പ്രതീക്ഷിച്ച കാത്തുസൂക്ഷിച്ച സീറ്റുകളില്‍ വനിതാസംവരണമായത്. ആര്‍എസ്പിക്ക് 11 സീറ്റും ലീഗിന് അഞ്ചുസീറ്റും നല്‍കിയിട്ടുണ്ട്. മറ്റു ഘടകകക്ഷികള്‍ക്ക് എല്ലാം ഓരോ സീറ്റില്‍ മത്സരിക്കും. കഴിഞ്ഞ തവണ ഇടതുമുന്നണിയില്‍ നിന്ന ആര്‍എസ്പി ഒമ്പത് സീറ്റിലും യുഡിഎഫില്‍ ഉണ്ടായിരുന്ന ആര്‍എസ്പി (ബി) മൂന്ന് സീറ്റിലും മത്സരിച്ചിരുന്നു. ജെഎസ്എസ്, സിഎംപി, കേരളാ കോണ്‍ഗ്രസ് (ജെ), കേരളാ കോണ്‍ഗ്രസ് (എം), ജനതാദള്‍ എന്നിവര്‍ക്ക് ഇത്തവണ ഓരോ സീറ്റ് നല്‍കിയിട്ടുണ്ട്. സീറ്റ് വിഭജനത്തില്‍ മാണികോണ്‍ഗ്രസിന് തൃപ്തിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞതവണ 12 സീറ്റില്‍ മത്സരിച്ച ആര്‍എസ്പി ഒപ്പമില്ലാതെയാണ് ഇത്തവണ എല്‍ഡിഎഫ് മത്സരരംഗത്തുള്ളത്. എല്‍ഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ല. ആര്‍എസ്പിയുടെ സീറ്റുകളില്‍ ഭൂരിഭാഗവും സ്വന്തം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം. സിപിഐയാകട്ടെ ഈ സീറ്റുകള്‍ തുല്യമായി വീതിക്കണമെന്ന നിലപാടിലാണ്.
ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ വരവിനെ തുടര്‍ന്നുണ്ടായ ആവേശം ചോരാതെയുള്ള പ്രവര്‍ത്തനമാണ് കൊല്ലം ജില്ലയിലാകെ ബിജെപി നടത്തികൊണ്ടിരിക്കുന്നത്. ഡിസംബറില്‍ കൊല്ലത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിമാനിക്കാനുള്ള വക സ്വന്തമാക്കാനുള്ള പരിശ്രമത്തിലാണ് നേതൃത്വം. മെമ്പര്‍ഷിപ്പ് കാമ്പയിനിലൂടെ ലക്ഷക്കണക്കിന് പേര് അംഗത്വമെടുത്തിട്ടുള്ള പാര്‍ട്ടിക്ക് ഇത്തവണ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്നാണ് എതിരാളികളുടെ പോലും വിശ്വാസം. നേരത്തെ കൊല്ലം കോര്പ്പറേഷന് മുനിസിപ്പാലിറ്റിയായിരുന്നപ്പോള്‍ ബിജെപിക്ക് അംഗമുണ്ടായിരുന്നു.
ആത്മവിശ്വാസത്തോടെ ഡിവിഷനുകള്‍ തോറും ബിജെപി പ്രവര്‍ത്തകര്‍ മുന്നണികള്‍ക്ക് സ്വപ്നം കാണാനാവാത്തവിധം തെരഞ്ഞെടുപ്പ് രംഗത്ത് മുന്നേറിക്കഴിഞ്ഞു.
കോര്പ്പറേഷന് കൂടാതെ ജില്ലയില്‍ ആകെ നാല് മുനിസിപ്പാലിറ്റികളും 68 ഗ്രാമപഞ്ചായത്തുകളും ഒരു ജില്ലാ പഞ്ചായത്തും 11 ബ്ലോക്ക് പഞ്ചായത്തുമാണുള്ളത്. കൊട്ടാരക്കരയാണ് പുതുതായി ചേര്‍ക്കപ്പെട്ട മുനിസിപ്പാലിറ്റി. ഇവിടെ ആര്.ബാലകൃഷ്ണപിള്ളയുടെ കേരളകോണ്‍ഗ്രസ് ബി യുഡിഎഫ് വിട്ട സാഹചര്യത്തില്‍ എല്‍ഡിഎഫുമായി സഹകരിച്ചാണ് മത്സരിക്കുന്നത്. 55 അംഗ കോര്പ്പറേഷന് കൗണ്‍സിലില്‍ 27-27 എന്ന നിലയിലാണ് എല്‍ഡിഎഫ്-യുഡിഎഫ് കക്ഷിനില. ഒരു പിഡിപി അംഗത്തിന്റെ പിന്തുണയായിരുന്നു എല്‍ഡിഎഫിനെ ഭരണം പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. അഞ്ചു ലക്ഷമാണ് കോര്‍പ്പറേഷനിലെ ജനസംഖ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: